തിരുവനന്തപുരം: ടി പി സെന്‍കുമാറിനെതിരായ പരാതികളില്‍ വിജിലന്‍സ് അന്വേഷണം ശക്തമാക്കുന്നു.
വിവിധ കാലയളവുകളിലായി നടന്നതായി ഉന്നയിക്കപ്പെട്ട ആറ് പരാതികളിലാണ് വിജിലന്‍സ് പിടിമുറുക്കുന്നത്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കേയാണ് പരാതികള്‍ ലഭിച്ചത്.
കെടിഡിസി മാനേജിംങ് ഡയറക്ടറായിരിക്കെ 2010-11 കാലഘട്ടത്തില്‍ ചട്ടങ്ങള്‍ മറികടന്ന് ലോണ്‍ നല്‍കിയത്, തിരുവനന്തപുരം ശ്രീകാര്യത്തെ ഒരു സ്ഥാപനത്തിനു നല്‍കിയ വായ്പയില്‍ തിരിച്ചടവ് മുടങ്ങിയത് ,രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരിക്കെ ആര്‍ബിഐ നല്‍കിയ പരാതിയില്‍ തുടരന്വേഷണം നടത്താതെ അവഗണിച്ചത്, കോളിളക്കം സൃഷ്ടിച്ച കണിച്ചുകുളങ്ങര കൊലപാതക കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്തി അവ ഇടപാടുകാര്‍ക്ക് നല്‍കുന്നതില്‍ വരുത്തിയ വീഴ്ച തുടങ്ങി ആറ് പരാതികളിലാണ് ഇപ്പോള്‍ ദ്രുതഗതിയില്‍ അന്വേഷണം പുരോഗമിക്കുന്നത്.
കണിച്ചുകുളങ്ങര സംഭവത്തില്‍ അന്നത്തെ സോണല്‍ ഐ ജിയായിരുന്ന സെന്‍കുമാര്‍ കേസ് സമര്‍ത്ഥമായി അന്വേഷിച്ചെങ്കിലും സ്വത്ത് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ നേതാവായ ഹക്കീം 2016ലാണ് പരാതി നല്‍കിയിരുന്നത്.
കെ എസ് ആര്‍ ടി സി എംഡി ആയിരിക്കെ തമ്പാനൂര്‍ ബസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് രണ്ടു വര്‍ഷം കൂടുതലായി നീട്ടിനല്‍കിയത് ചൂണ്ടിക്കാട്ടി പായിച്ചിറ നവാസ് നല്‍കിയ പരാതിയിലും കെ എസ് ആര്‍ ടി സിയിലെ തന്നെ നവീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടന നല്‍കിയ മറ്റൊരു പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിനുപുറമെ വയനാട്ടിലെ റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട് സെന്‍കുമാറിന്റെ ഇടപെടലും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
തന്നെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍ നിയമിക്കാത്തതില്‍ ടി പി സെന്‍കുമാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോര്‍ട്ട് അലക്ഷ്യത്തിന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് വിജിലന്‍സ് അന്വേഷണത്തിന് ചൂടുപിടിച്ചിരിക്കുന്നത്. സെന്‍കുമാറിന് വേണ്ടി വഴിമാറികൊടുക്കേണ്ട ഡിജിപി ലോക്‌നാഥ് ബഹ്‌റ തന്നെയാണ് ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറുടെ ചുമതലയും വഹിക്കുന്നത്