breaking vijay mallya arrested at london

ലണ്ടന്‍: രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ അറസ്റ്റ് ചെയ്യിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടല്‍ മൂലം.

ബാങ്കുകളെ പറ്റിച്ച് മുങ്ങിയ മല്യയെ തിരികെ എത്തിക്കാന്‍ ശക്തമായ ഇടപെടലുകളാണ് ഇന്ത്യ നടത്തി വന്നിരുന്നത്. ഈ വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി മോദി തന്നെ നേരിട്ട് സംസാരിക്കുന്ന സാഹചര്യവുമുണ്ടായി. ഇതോടെയാണ് കടുത്ത നിലപാട് സ്വീകരിക്കാന്‍ ബ്രിട്ടണ്‍ നിര്‍ബന്ധിക്കപ്പെട്ടത്.

ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ മാത്രമല്ല ബ്രിട്ടനിലെ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളുമായും വളരെ അടുത്ത ബന്ധമാണ് ഈ മദ്യ രാജാവിനുള്ളത്.

ബ്രിട്ടന്‍ പൊലീസായ സ്‌കോട്‌ലന്‍ഡ് യാര്‍ഡാണ് മല്യയെ അറസ്റ്റു ചെയ്തത്.

ഇന്ത്യയില്‍ 9000 കോടി വായ്പാകുടിശ്ശിക വരുത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കഴിഞ്ഞ വര്‍ഷം മേയിലാണ് വിജയ് മല്യ രാജ്യം വിട്ടത്. തുടര്‍ന്ന് മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു.

വിജയ്മല്യയെ തിരികെയെത്തിക്കാനുള്ള ഇന്ത്യയുടെ അപേക്ഷ കൂടുതല്‍ നടപടിക്കായി ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് കോടതിക്കു കൈമാറിയിരുന്നു.

കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍പ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടന് കത്തു നല്‍കുകയും ചെയ്തിരുന്നു.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് മല്യ വന്‍തുകകള്‍ ബാങ്കില്‍ നിന്നും വായ്പയായി വാങ്ങിയത്. വന്‍ മുതല്‍ മുടക്കില്‍ തുടങ്ങിയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതോടെ കമ്പനി അടച്ചു പൂട്ടുകയും പിന്നീട് ബാങ്ക് ലോണുകള്‍ അടയ്ക്കാതെ മല്യ രാജ്യം വിടുകയായിരുന്നു.

അതേസമയം അറസ്റ്റിലായ വിജയ് മല്യക്ക് താല്‍ക്കാലികമായി കോടതി ജാമ്യം അനുവദിച്ചു. വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിലാണ് മല്യക്ക് ജാമ്യം ലഭിച്ചത്.

ബ്രിട്ടനിലെ നിലവിലെ നിയമപ്രകാരമാണ് ജാമ്യം. എന്നാല്‍ ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് നയതന്ത്രതലത്തില്‍ മല്യയെ ഇന്ത്യക്ക് കൈമാറുകയാണെങ്കില്‍ ഇടപെടാന്‍ കഴിയില്ലന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടപടി ക്രമങ്ങള്‍ പരിശോധിച്ച് മല്യയെ ഇന്ത്യക്ക് കൈമാറാനാണ് ബ്രിട്ടന്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

Top