breaking youth congress state vice president cr mahesh

കൊല്ലം: യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് പാര്‍ട്ടി വിട്ടു.

തല്‍ക്കാലം മറ്റു പാര്‍ട്ടികളിലേക്കില്ലെന്നു മഹേഷ് വ്യക്തമാക്കി. കോണ്‍ഗ്രസ്സില്‍ ചീഞ്ഞുനാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. മറ്റെന്തെങ്കിലും ജോലി ചെയ്തു ജീവിക്കുമെന്നും സി ആര്‍ മഹേഷ് പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കും എകെ ആന്റണിക്കും എതിരേ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് രാഷ്ട്രീയം മതിയാക്കുന്നു എന്ന പ്രഖ്യാപനം മഹേഷ് നടത്തിയത്. നേതൃത്വത്തിന്റെ തെറ്റായ നടപടിക്കെതിരേ ആണ് താന്‍ രാഷ്ട്രീയം വിടുന്നതെന്നും സിആര്‍ മഹേഷ് വിശദീകരിച്ചു.

പിസി വിഷ്ണു നാഥ് അടക്കമുള്ള നേതാക്കള്‍ പിന്നാലെ നടന്ന് ദ്രോഹിക്കുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മഹേഷ് പറഞ്ഞു. ചീഞ്ഞ് നാറുന്ന രാഷ്ട്രീയത്തില്‍ ഇനി തുടരുന്നില്ലെന്നും രാഷ്ട്രീയത്തോട് മടുപ്പ് തോന്നുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

കരുനാഗപ്പള്ളിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാക്കളാണെന്നും സിആര്‍ മഹേഷ് ആരോപിച്ചു. സിആര്‍ മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് രാജി എന്നാണ് വിവരം.

അതേസമയം സി ആര്‍ മഹേഷിനെ രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം സസ്‌പെന്‍ഡുചെയ്തതായി അറിയിച്ചു. രാജി പ്രഖ്യാപിക്കുന്നതിനു മുമ്പാണ് സസ്‌പെന്‍ഡു ചെയ്തതെന്നും നേതൃത്വം അറിയിച്ചു.

രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നും കെ എസ് യു വളര്‍ത്തി വലുതാക്കിയ എ കെ ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണെന്നും മഹേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

Top