കൊച്ചി: ഇന്ത്യയിലെ പ്രമുഖ രോഗനിര്‍ണയ സേവനദാതാക്കളായ ഡി.ഡി.ആര്‍.സി. എസ്.ആര്‍.എല്‍ അവതരിപ്പിച്ച അഗ്ക്യൂറ പേഴ്‌സണല്‍ സ്‌കോര്‍ എന്ന രക്തപരിശോധനയ്ക്ക് തുടക്കം കുറിച്ചു. സ്ത്രീകളില്‍ അധികരിച്ചുവരുന്ന സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനുള്ള ലക്ഷ്യത്തിലാണ് കേരളത്തിലൊട്ടാകെ 220 ശാഖകളുള്ള ഡി.ഡി.ആര്‍.സി എസ്.ആര്‍.എല്‍, വിപ്ലവകരമായ ഈ രക്തപരിശോധന അവതരിപ്പിക്കുന്നത്.
അമേരിക്ക ആസ്ഥാനമായുള്ള ബയോടെക്‌നോളജി കമ്പനിയായ ഓങ്കോടാബ് ഇന്‍കോര്‍പ്പറേറ്റഡുമായി സഹകരിച്ച് ഡി.ഡി.ആര്‍.സി എസ്.ആര്‍.എല്‍ ആരംഭിക്കുന്ന ഈ പുതിയ രക്തപരിശോധനയ്ക്ക് ഇന്ത്യയിലൊട്ടാകെ 3500 സഹ ശാഖകളാണുള്ളത്. ഈ നൂതന ആശയം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് പ്രത്യാശ പകരുന്നതാണ്.
സ്തീകളില്‍ ഒന്‍പതില്‍ ഒരാള്‍ക്ക് എന്ന തോതില്‍ സ്തനാര്‍ബുദം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സ്തനങ്ങളിലെ തടിപ്പും കല്ലിപ്പും കൊണ്ട് അര്‍ബുദസാധ്യത തിരിച്ചറിയാമെങ്കിലും പലപ്പോഴും വൈകിയാണ് രോഗാവസ്ഥ മനസിലാക്കാന്‍ കഴിയുന്നത്. തടിച്ച സ്തനങ്ങളുള്ള സ്ത്രീകളില്‍ 50 ശതമാനത്തിന്റെയും സ്തനാര്‍ബുദം, അതിന്റെ തുടക്ക കാലയളവില്‍ മാമോഗ്രഫി പരിശോധന കൊണ്ട് തിരിച്ചറിയാന്‍ പറ്റാതെ പോകാറുമുണ്ട്.
കോണ്‍ട്രാസ്റ്റ് എം ആര്‍ ഐ, മാമോഗ്രാഫി ഒരു മാസ് സ്‌ക്രീനിംഗ് ഉപകരണമായി ഉപയോഗിക്കാന്‍ കഴിയില്ല, അങ്ങനെ ചെയ്താല്‍ പോലും ഒരു ദശലക്ഷം സെല്ലുകള്‍ (105 സെല്ലുകള്‍) ഉള്ള മുഴകള്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ. സാധാരണയായി ബി.ആര്‍.സി.എ പോസിറ്റീവ് ആയുള്ള 80 ശതമാനം സ്ത്രീകള്‍ക്കും തങ്ങളുടെ ജീവിതകാലയളവില്‍ സ്തനാര്‍ബുദം വന്നുചേരാറുണ്ട്. നിലവിലെ സാഹചര്യത്തില്‍, ഇത്തരം സ്ത്രീകള്‍, തങ്ങളുടെ ജീവിതകാലം മുഴുവനുള്ള ഓരോ ആറു മാസവും എം.ആര്‍.ഐ പരിശോധന നടത്തുകയോ സ്തനങ്ങള്‍ നീക്കംചെയ്യുകയോ ചെയ്യേണ്ടിവന്നേക്കാം.
ഈ സാഹചര്യത്തില്‍ രക്തപരിശോധനയിലൂടെ രോഗ നിര്‍ണയം സാധ്യമാകുന്ന അഗ്ക്യൂറ പേഴ്‌സണല്‍ സ്‌കോര്‍ ആരോഗ്യരംഗത്തെത്തുമ്പോള്‍, 95 ശതമാനം സ്ത്രീകളിലും നിലവിലെ രോഗപരിശോധനയുടെ അപര്യാപ്തകള്‍ പരിഹരിക്കുവാന്‍ സാധിക്കും.
മയോക്ലിനിക്കിലെ പൂര്‍വവിദ്യാര്‍ഥിനിയും പ്രമുഖ അര്‍ബുദ ശാസ്ത്രജ്ഞയുമായ ഡോ.പിങ്കു മുഖര്‍ജിയാണ് അഗ്ക്യൂറ പേഴ്‌സണല്‍ സ്‌കോറിനു പിന്നിലെ നൂതന സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുന്നത്. ഡോ.പിങ്കുവിന്റെ അമേരിക്ക ആസ്ഥാനമായുള്ള ബയോടെക്‌നോളജി കമ്പനിയായ ഓങ്കോടാബ് ഇന്‍കോര്‍പ്പറേറ്റഡാണ് രക്തസാമ്പിളുകളിലെ ട്യൂമര്‍ അധിഷ്ഠിത പ്രോട്ടീന്‍ കൃത്യമായി വിലയിരുത്തുവാനുള്ള പ്രക്രിയ വികസിപ്പിച്ചെടുത്തത്.
പരമ്പരാഗത പരിശോധനകളില്‍ ഒരു വ്യക്തിയുടെ പരിശോധനാ ഏകകം ആരോഗ്യമുള്ള മറ്റു വ്യക്തികളില്‍ നിന്നുമുള്ള സാധാരണ തോതുമായാണ് താരതമ്യം ചെയ്യാറുള്ളത്. എന്നാല്‍, ഈ പുതിയ പരിശോധനയില്‍ രോഗിയുടെ ആദ്യ പരിശോധനയില്‍ ലഭിച്ച ഫലം അഥവാ ബേസ്ലൈന്‍ സ്‌കോറുമായുള്ള താരതമ്യവും നോക്കാറുണ്ട്. രക്തസാമ്പിളുകളിലെ ട്യൂമര്‍ അധിഷ്ഠിത പ്രോട്ടീന്‍ അളവ് ഓരോ വ്യക്തികളിലും മാറാമെന്നതുകൊണ്ടുതന്നെ രോഗിയുടെ തന്നെ ബേസ്ലൈന്‍ സ്‌കോര്‍ താരതമ്യം ചെയ്യുന്നതിന് ഏറെ പ്രാധാന്യമുണ്ട്.
‘ബി.ആര്‍.സി.എ ജീന്‍ പോസിറ്റീവ് ആയതു കൊണ്ട് ആ സമയത്ത് സ്തനാര്‍ബുദം ഉണ്ടെന്ന് ഉറപ്പുപറയാനാവില്ല. എന്നാല്‍, എപ്പോഴാണ് കൃത്യമായ ഇടപെടല്‍ ആവശ്യമെന്ന് ചൂണ്ടിക്കാട്ടാനുള്ള ഒരു തികഞ്ഞ സംവിധാനം നമുക്കില്ലതാനും. ഇവിടെയാണ് അഗ്ക്യൂറ പേഴ്‌സണല്‍ സ്‌കോര്‍, സ്ത്രീകളുടെ മനഃസമാധാനം തിരികെ കൊണ്ടുവരുന്നത്. ഈ ചരിത്രപരമായ നേട്ടത്തില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട് എന്ന് ഡി.ഡി.ആര്‍.സി എസ്.ആര്‍.എല്‍ ഡയഗ്‌നോസ്റ്റിക് സര്‍വീസസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.അജിത് ജോയ് പറഞ്ഞു. 1.4 ബില്യണ്‍ ജനസംഖ്യയുള്ള നമ്മുടെ രാജ്യത്ത് സ്തനാര്‍ബുദം സ്ത്രീകളില്‍ മാത്രം പരിമിതപ്പെടാത്ത കാലത്താണ് ഈ കണ്ടെത്തല്‍ നടക്കുന്നതെന്നതാണ് ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘സ്തനാര്‍ബുദം വരുന്നുവെന്ന് ഭയക്കുന്ന എല്ലാ സ്ത്രീകളും തങ്ങളുടെ വാര്‍ഷിക മെഡിക്കല്‍ പരിശോധനയില്‍ ഈ ലളിതമായ രക്തപരിശോധന ഉള്‍പ്പെടുത്തുക. സ്തനാര്‍ബുദം നേരത്തെ തിരിച്ചറിയുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ ജനങ്ങള്‍ അറിയുവാനുള്ള സമയമായിരിക്കുന്നു,’ അമേരിക്കയില്‍ ഷാര്‍ലോട്ടിലെ നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റി പ്രെഫസറും ഓങ്കോടാബിന്റെ സി.എസ്.ഒയുമായ ഡോ.പിങ്കു മുഖര്‍ജി പറഞ്ഞു.
‘ക്ലിനിക്കല്‍ പഠനങ്ങള്‍ പ്രകാരം, അഗ്ക്യൂറ പേഴ്‌സണല്‍ സ്‌കോറില്‍ ബേസ്ലൈന്‍ സ്‌കോറില്‍ നിന്നും ഉയര്‍ന്ന മൂല്യം ലഭ്യമാകുന്നവര്‍ എം.ആര്‍.ഐ കൂടി എടുത്താല്‍, നിലവിലുള്ള സ്തനാര്‍ബുദ രോഗനിര്‍ണയരംഗത്ത് വിപ്ലവം തന്നെയാകുമെന്നതില്‍ സംശയമില്ല. ഈ ടെസ്റ്റ് ഇന്ത്യയിലേയ്ക്കു കൊണ്ടുവരുന്നതില്‍ ഡി.ഡി.ആര്‍.സി എസ്.ആര്‍.എല്‍ ഡയഗ്‌നോസ്റ്റിക് സര്‍വീസസിലെ ഡോ.അജിത് ജോയിയും സംഘവുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഓങ്കോടാബ് ഇന്‍കോര്‍പ്പറേറ്റഡ് സി.ഇ.ഒ രാഹുല്‍ പുരി അഭിപ്രായപ്പെട്ടു.