ബ്രെറ്റ് കവനോവ് യു.എസിലെ 114ാമത് സുപ്രീം കോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു

വാഷിങ്ടണ്‍: വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ബ്രെറ്റ് കവനോവ് യു.എസിലെ 114ാമത് സുപ്രീം കോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു.

സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് ട്രംപ് നിര്‍ദേശിച്ച ബ്രെറ്റ് കവനോവിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നു. ഇദ്ദേഹം ജഡ്ജി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകളാണ് ഉയര്‍ന്നത്.

സെനറ്റില്‍ കഷ്ടിച്ച് രണ്ട് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് കവനോവിന്റെ നിയമനത്തിന് അംഗീകാരം കിട്ടിയത്. സെനറ്റില്‍ 48 ന് എതിരെ 50 വോട്ടിനാണ് അംഗീകാരം കിട്ടിയത്.

1881 ല്‍ സ്റ്റാന്‍ലി മാത്യൂസ് 23 നെതിരെ 24 വോട്ടുകള്‍ക്ക് ജയിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയും കുറവ് വോട്ട് വ്യത്യാസത്തില്‍ ഒരാള്‍ ജഡ്ജി സ്ഥാനത്തേക്ക് എത്തുന്നത്. വോട്ടിങ്ങിന് ശേഷം ആയിരക്കണക്കിന് ആളുകളാണ് ഇയാള്‍ക്കെതിരെ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തത്.

കവനോവ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പാലോ ഓള്‍ട്ടോ സര്‍വ്വകലാശാല അധ്യാപികയായ ക്രിസ്റ്റിന്‍ ബ്ലാസി ഫോര്‍ഡ് ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഹൈസ്‌കൂള്‍ കാലത്ത് ഒരു പാര്‍ട്ടിയ്ക്കിടയില്‍ കവനോവ് ഇവരെ ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ കവനോവ് ഈ ആരോപണം തള്ളിയിരുന്നു.

ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴോ അതിനു ശേഷമോ താന്‍ ആരെയും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. കൗമാര കാലത്ത് ഫോര്‍ഡുമായി താന്‍ കണ്ടുമുട്ടിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കളായിരുന്നില്ല. മാത്രമല്ല, തങ്ങള്‍ ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുമില്ല എന്നാണ് കവനോവ് ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.

1983ല്‍ യേല്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് പാര്‍ട്ടിക്കിടെ കവനോവ് അശ്ലീലപ്രദര്‍ശനം നടത്തിയെന്ന് ഡെബോറോ റാമിരെസന്ന സ്ത്രീയും ആരോപിച്ചിരുന്നു. ഈ ആരോപണവും കവനോവ് നിഷേധിച്ചിരുന്നു.

അത്തരമൊരു കാര്യം താന്‍ ഒരിക്കലും ചെയ്തിട്ടില്ല. അങ്ങനെയൊരു സംഭവം നടന്നിരുന്നെങ്കില്‍ അന്നത് വലിയ സംസാര വിഷയമാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും എല്ലായ്‌പ്പോഴും കവനോവിനൊപ്പം നില്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. യു.എസ് സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച ബ്രെറ്റ് കവനോവിനെതിരേ മുമ്പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Top