തിരുവനന്തപുരം: ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം എല്‍ഡിഎഫ് നയത്തിന് വിരുദ്ധമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അബ്കാരി നയത്തിന് വിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ആവശ്യമുള്ളിടത്ത് മദ്യം കൊടുക്കുക എന്നതാണ് എല്‍ഡിഎഫ് നയം. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെയെന്നും കാനം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യനിര്‍മാണ ശാലകള്‍ അനുവദിച്ചതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു കാനം നേരത്തെ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ എന്താണെന്ന് പരിശോധിച്ചാലേ വ്യക്തമായി മറുപടി പറയാന്‍ കഴിയൂ എന്നും കാനം പറഞ്ഞിരുന്നു.
അതേസമയം ബ്രൂവറിക്കായി കിന്‍ഫ്രയുടെ ഭൂമി നല്‍കിയിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. കൊടുക്കാത്ത ഭൂമി കൊടുത്തു എന്ന് പറഞ്ഞാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം കാര്യങ്ങള്‍ അറിയാതെയാണ്. വ്യവസായത്തിനായി ആര് ഭൂമി ചോദിച്ചാലും നല്‍കും. ഇതുവരെ ഭൂമി അനുവദിച്ച് നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആര്‍ക്കെങ്കിലും വ്യവസായം തുടങ്ങാന്‍ സ്ഥലം ആവശ്യമുണ്ടെങ്കില്‍ കിന്‍ഫ്രയോട് ചോദിക്കും. സ്ഥലമുണ്ടെങ്കില്‍ ഉണ്ട് എന്നു പറയും. അതാണ് സംഭവിച്ചത്. എത്രയോ മാസങ്ങള്‍ക്ക് മുമ്പാണ് ഇതൊക്കെ നടന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനുള്ള സ്ഥാപനമാണ് കിന്‍ഫ്ര. കിന്‍ഫ്രയുടെ കൈയില്‍ സ്ഥലമുണ്ടെങ്കില്‍ കൊടുക്കുമെന്നും ജയരാജന്‍ പറഞ്ഞു.