ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഹിതപരിശോധനയുടെ ഫലസൂചന പുറത്തുവന്നപ്പോള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത്.
ജനവിധി എതിരായതിനെ തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപനം നടത്തി. അടുത്ത മൂന്നുമാസത്തിനുശേഷം പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഹിതപരിശോധനയില്‍ 52% പേരാണ് ഇയു വിടുന്നതിനെ അനുകൂലിച്ചത്.ഇതോടെ ഇയുവിലെ ബ്രിട്ടന്റെ സവിശേഷ അധികാരങ്ങള്‍ നഷ്ടമാകും.
പ്രാദേശികസമയം രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തിനാണ് അവസാനിച്ചത്. 12 ലക്ഷം ഇന്ത്യക്കാരടക്കം ഏതാണ്ട് 4.6 കോടി പേരാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്. 28 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണോ വേണ്ടയോ എന്ന ഒറ്റ ചോദ്യമായിരുന്നു ബാലറ്റ്‌പേപ്പറിലുണ്ടായിരുന്നത്.
ബ്രെക്‌സിറ്റ് (ബ്രിട്ടന്‍ എക്‌സിറ്റ്) സംബന്ധിച്ച് ഉടലെടുത്ത സംവാദങ്ങള്‍ കടുത്ത ഭിന്നിപ്പിലേക്ക് നയിച്ചതോടെയാണ് ഹിതപരിശോധനയിലേക്ക് ബ്രിട്ടന്‍ നീങ്ങിയത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് വരണമെന്ന് ആവശ്യപ്പെടുന്നവര്‍ ശക്തമായ പ്രചരണങ്ങള്‍ അഴിച്ചുവിട്ടു. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന ‘ലീവ്’ ക്യാമ്പെയ്‌നുകള്‍ക്ക് നേതൃത്വം നല്‍കിയത് ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും മിഖായേല്‍ ഗോവും (സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ജസ്റ്റിസ്) ആണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നല്ലൊരു ശതമാനം പേരുടെ പിന്തുണ ലീവ് ക്യാമ്പയ്‌ന് നേടാനായിട്ടുണ്ട്.
ബ്രിട്ടീഷ് പാര്‍ലമെന്റിന് പരമാധികാരം കൊണ്ടുവരാനാകുമെന്നും കുടിയേറ്റങ്ങള്‍ നിയന്ത്രിക്കാനാകുമെന്നുമാണ് ഇവര്‍ ഉയര്‍ത്തിയ വാദം.അഭയാര്‍ത്ഥി പ്രതിസന്ധി അടക്കം പ്രശ്‌നങ്ങള്‍ കുടിയേറ്റ നിയന്ത്രണത്തിലൂടെ തടയാനാകുമെന്ന പ്രചരണവും ഇവര്‍ ഉയര്‍ത്തി.
യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെടുന്ന ‘റിമെയ്ന്‍’ പ്രചരണത്തിന് മുന്‍പന്തിയിലുള്ളത് ബ്രീട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ്. 28 അംഗ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ സുരക്ഷിതവും സമ്പന്നവുമാണെന്നാണ് ‘റിമെയ്ന്‍’ അനുകൂലികളുടെ വാദം. ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭൂരിഭാഗം എംപിമാരും ഇതിനെ അനുകൂലിക്കുന്നു. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിനും മൂന്‍ പ്രധാനമന്ത്രിമാരും ലിബറല്‍ ഡെമോക്രാറ്റുകളും യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ അഭിപ്രായപ്പെടുന്നു.