ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിട്ട് പുറത്തുപോകാനുള്ള(ബ്രെക്‌സിറ്റ്) ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പൂര്‍ണ അംഗീകാരം.
ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് തിരിച്ചയച്ച ബില്ലില്‍ മാറ്റം വരുത്തേണ്ടന്ന് ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സും തീരുമാനിച്ചതോടെയാണ് ബില്ലിന് അംഗീകാരം ലഭിച്ചത്.
ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.135ന് എതിരേ 275 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്‍ രാജ്ഞികൂടി അംഗീകരിക്കുന്നതോടെ നിയമമായി മാറും.
മാര്‍ച്ച് 31ന് യൂറോപ്യന്‍ യൂണിയന്‍ ബന്ധം അവസാനിപ്പിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ച്, 2019ല്‍ യൂറോപ്യന്‍ യൂണിയനു പുറത്തു കടക്കാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ ഇതിനിടെ ബ്രിട്ടനില്‍ താമസിക്കുന്ന യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള പൗരന്മാരുടെ അവകാശം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. ഇതേ തുടര്‍ന്നാണ് വിഷയം പാര്‍ലമെന്റില്‍ എത്തിയത്.
ഹൗസ് ഓഫ് കോമണ്‍സില്‍ ബില്ലില്‍ മാറ്റം വേണമെന്ന് 287 പേര്‍ പറഞ്ഞപ്പോള്‍ മാറ്റം ആവശ്യമില്ലെന്ന് 335 പേരും പറഞ്ഞു. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടുക എന്നുള്ളത് ബ്രിട്ടനില്‍ നിയമത്തിന്റെ ഭാഗമായി. ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 50 പ്രകാരമാകും ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ക്ക് തെരേസ മേ തുടക്കമിടുക.