തെരേസ മേയ്ക്ക് ആശ്വാസമായി ബ്രെക്സിറ്റ് നടപ്പാക്കാന്‍ സാവകാശം അനുവദിച്ച് ഇയു

ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആശ്വാസമായി ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സാവകാശം അനുവദിച്ചു. ആറുമാസം കാലാവധി നീട്ടിനല്‍കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. ഇതനുസരിച്ച് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ബ്രിട്ടന് ഒക്ടോബര്‍ 31 വരെ സമയം ലഭിക്കും.

കരാര്‍ നടപ്പാക്കാനവശ്യമായ പിന്തുണ ലഭിക്കാതായതോടെ സമയപരിധി നീട്ടണമെന്ന് തെരേസ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ മുപ്പത് വരെ നീട്ടണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം പരിഗണിച്ച് ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്റെ അടിയന്തര യോഗമാണ് സമയപരിധി നീട്ടിനല്‍കാന്‍ തീരുമാനിച്ചത്.

ബ്രെക്സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ജനസഭയില്‍ പ്രമേയം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് ആണ് പാസാക്കിയത്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ എംപി യെവറ്റ് കൂപ്പറും കണ്‍സര്‍വേറ്റീവ് എംപി ഒലിവര്‍ ലെറ്റ്വിനും ഉള്‍പ്പെടെയുള്ള ഒരു ഗ്രൂപ്പാണു ബില്‍ അവതരിപ്പിച്ചത്. ബില്ലിനെ അനുകൂലിച്ച് 313 പേരും എതിര്‍ത്ത് 312 പേരും വോട്ടു ചെയ്തിരുന്നു.

Top