ബ്രിട്ടന്റെ അധികാര കേന്ദ്രങ്ങളെ അസ്ഥിരപ്പെടുത്തുന്ന ഏറ്റവും ചരിത്രപരമായ തീരുമാനമാണ് ബ്രക്‌സിറ്റ്. ഈ തീരുമാനം എടുത്തതിന് ശേഷം പ്രധാനമന്ത്രി തെരാസാ മെയുടെ വിശ്വാസ്യത നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണ്. ഏറ്റവുമൊടുവില്‍ പ്രതിപക്ഷ നേതാവും ലേബര്‍ ലീഡറുമായ ജെറമി കോര്‍ബിനാണ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബ്രെക്സിറ്റ് ഉടമ്പടിയിന്മേലുള്ള പാര്‍ലമെന്റിലെ വോട്ടെടുപ്പ് ജനുവരി മൂന്നാം വാരത്തിലേയ്ക്ക് മാറ്റിയതാണ് ഇപ്പോള്‍ പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. തെരേസാ മെയെ സംബന്ധിച്ച് അവരുടെ രാഷ്ട്രീയ ജീവിത്തതിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണ് ഇത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും അവര്‍ക്ക് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതും അവിശ്വാസപ്രമേയത്തെ അഭിമുഖീകരിക്കേണ്ടി വന്നതും ബ്രക്‌സിറ്റ് എന്ന ഒറ്റ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രൂപം കൊണ്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് യൂറോപ്യന്‍ യൂണിയന്‍. പൊതുവില്‍ യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന രാജ്യങ്ങളാണ് കൂട്ടായ്മയില്‍ ഉള്ളത്. സ്വന്തമായി പാര്‍ലമെന്റ് സമ്പ്രദായമുള്ള ഈ സംഘടന ഈ സംവിധാനത്തിലൂടെ പരിസ്ഥിതി, ഗതാഗതം, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ തുടങ്ങി മൊബൈല്‍ഫോണുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വരെ പാസാക്കുന്നു.
അംഗങ്ങളായുള്ള രാജ്യങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും യഥേഷ്ടം സഞ്ചരിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അവിടങ്ങളില്‍ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാവുന്നതിനുള്ള അവകാശം യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ 28 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനില്‍ ഉള്ളത്.
യൂറോപ്യന്‍ യൂണിയന്റെ തീരുമാനങ്ങളില്‍ ബ്രിട്ടണ്‍ പണ്ട് മുതലേ അസ്വസ്ഥരാണ്. 2000മാണ്ടിന്റെ തുടക്കത്തില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് ആളുകളുടെ വലിയ ഒഴുക്കുണ്ടായി. ഇത് ബ്രിട്ടനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ഒരു വിഭാഗം വാദിച്ചു.
ജനഹിത പരിഷോധനകള്‍ മുന്‍പ് നടന്നിട്ടുണ്ടെങ്കിലും പുറത്തു പോകുന്നത് സംബന്ധിച്ച തീരുമാനം എടുക്കാന്‍ സാധിച്ചിട്ടില്ല. സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നതാണ് സംഘടനയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ പറയുന്ന പ്രധാന വാദം. 500 മില്ല്യന്‍ ഡോളറിന്റെ വലിപ്പമുള്ള വിപണിയിലേക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആളുകള്‍ക്കും യഥേഷ്ടം കടന്നുചെല്ലാന്‍ അംഗത്വം കാരണം സാധിക്കുന്നുവെന്നു ഇവര്‍ വാദിക്കുന്നു.
ബ്രിട്ടീഷുകാര്‍, ഐറിഷ്, ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും പതിനെട്ട് വയസ്സ് പൂര്‍ത്തിയായാല്‍ ജനഹിത പരിഷോധനില്‍ വോട്ട് ചെയ്യാവുന്നതാണ്. അതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ടതാണ്. ബ്രിട്ടണിലെ മൂന്നാമത്തെ വലിയ നിക്ഷേപക രാജ്യം ഇന്ത്യയാണ്. അതിനാല്‍, 2015 ല്‍ നരേന്ദ്ര മോദി പ്രസ്ഥാവിച്ചത് പോലെ, യൂറോപ്പിലെക്കുള്ള പ്രവേശനകവാടമായി ഇന്ത്യ കാണുന്നത് ബ്രിട്ടനെ ആണ്.
എന്തായാലും യൂറോപ്യന്‍ യൂണിയനില്‍ നിന്നും 18 മാസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്കൊടുവിലാണ് ബ്രക്‌സിറ്റ് ഉടമ്പടിക്ക് അന്തിമ രൂപമായത്. ഇടഞ്ഞുനിന്ന സ്‌പെയിനും വഴങ്ങിയതോടെ കാര്യങ്ങള്‍ അവസാന അഗ്നിപരീക്ഷണമായ പാര്‍ലമെന്റ് അനുമതി എന്ന കടമ്പയിലേയ്ക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍, രണ്ട് വര്‍ഷം കൊണ്ട് ഇവിടം വരെ എത്തിച്ച ശ്രമങ്ങള്‍ പാഴാകും എന്ന ഭീതിയിലാണ് തെരേസാ മെയ്.
സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കേണ്ടി വന്ന തെരേസാ മെയ് 2022ലെ പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ ഇല്ലെന്ന നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. തെരേസാ മെയ് എന്ന വനിത ലോകത്തിന് തന്നെ മാതൃകയായി ഉയര്‍ന്നു വരികയും ബ്രക്‌സിറ്റിലൂടെ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് പുറത്തേയ്ക്ക് പോകുന്ന കാഴ്ചയാണോ ഇത് എന്നതാണ് ലോകരാജ്യങ്ങള്‍ ഉറ്റു നോക്കുന്നത്.
റിപ്പോര്‍ട്ട്: എ.ടി അശ്വതി