കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ചിനിയര്‍ വിജിലന്‍സ് പിടിയില്‍

തിരുവനന്തപുരം: 10,000 രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലന്‍സ് പിടികൂടി.

നഗരസഭയുടെ ഫോര്‍ട്ട് സോണല്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനിയറും തിരുവനന്തപുരം മേലാറന്നൂര്‍ സ്വദേശിയുമായ ശിശുപാലനെയാണ് വിജിലന്‍സ് പിടികൂടിയത്.

വലിയതുറ കുരിശടിക്ക് സമീപം ഇന്റര്‍ലോക്ക് പാകിയതിന്റെ ബില്‍ മാറുന്നതിനായി എത്തിയ നഗരസഭ കോണ്‍ട്രാക്ടറായ ലോറന്‍സിനോട് എഞ്ചിനിയര്‍ 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ലോറന്‍സ് 5,000 രൂപ ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ബില്‍ സമര്‍പ്പിക്കണമെങ്കില്‍ ഇനിയും 10,000 രൂപ നല്‍കണമെന്ന് എഞ്ചിനിയര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ലോറന്‍സ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

വിജിലന്‍സിന്റെ നിര്‍ദ്ദേശാനുസരണം സോണല്‍ ഓഫീസില്‍ വച്ച് പണം കൈമാറുന്നതിനിടയിലാണ് പ്രതിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Top