ശസ്ത്രക്രിയക്ക് കൈക്കൂലി: മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

വടക്കാഞ്ചേരി: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അസ്ഥി രോഗ വിഭാഗത്തിലെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ ശസ്ത്രക്രിയ നടത്താന്‍ 3000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനിക്കില്‍ ചൊവ്വാഴ്ച്ച വൈകിട്ട് നാലിന് എത്തിക്കാന്‍ രോഗിയുടെ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. കൈക്കൂലി കൊടുക്കാത്തതിനാല്‍ പല തവണയായി ശസ്ത്രക്രിയ മാറ്റിവെച്ചിരുന്നു. ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരന്‍ വിജിലന്‍സ് ഡിവൈ.എസ്.പി ജിം പോളിനെ അറിയിക്കുകയും വിജിലന്‍സ് ഫിനോള്‍ഫ് തലിന്‍ പുരട്ടി നോട്ട് നല്‍കുകയും ചെയ്തു. നോട്ട് പരാതിക്കാരനില്‍നിന്നും ഡോ. ഷെറി വാങ്ങുമ്പോള്‍ സമീപത്ത് മറഞ്ഞിരുന്ന വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

ഡിവൈ.എസ്.പി സി.ജി. ജിം പോള്‍, ഇന്‍സ്പെക്ടര്‍ പ്രദീപ്കുമാര്‍, എസ്.ഐമാരായ പീറ്റര്‍, എ. ജയകുമാര്‍, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ വിബീഷ്, സൈജു സോമന്‍, സിബിന്‍, സന്ധ്യ, ഗണേഷ്, അരുണ്‍, സുധീഷ് ഡ്രൈവര്‍ മാരായ രതീഷ്, രാജീവ്, ബിജു, എബി തോമസ് എന്നിവരാണ് വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Top