Bribe offer case; Justice K T Sankaran’s statement recorded

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷിക്കാന്‍ 25 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ വെളിപ്പടുത്തല്‍ നടത്തിയ ജസ്റ്റിസ് കെ.ടി. ശങ്കരന്റെ മൊഴി എറണാകുളം സ്‌പെഷ്യല്‍ സെല്‍ എസ്.പി വി.എന്‍ ശശിധരന്‍ രേഖപ്പെടുത്തി.

കോഴിക്കോടുള്ള തന്റെ ഒരു സുഹൃത്തിനാണ് കോഴ വാഗ്ദാനം ചെയ്യപ്പെട്ടതെന്നും അദ്ദേഹം ഇക്കാര്യം തന്നോട് പറയുകയായിരുന്നെന്നും ശങ്കരന്‍ വിജിലന്‍സിന് മൊഴി നല്‍കി. തന്നോട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുഹൃത്ത് പറഞ്ഞതായും ജഡ്ജി അറിയിച്ചു. ഇതോടെ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്താനും വിജിലന്‍സ് തീരുമാനിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ കരുതല്‍ തടങ്കല്‍ റദ്ദാക്കാന്‍ പ്രതികളുമായി ബന്ധപ്പെട്ടവര്‍ 25 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന് തുറന്ന കോടതിയില്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. സംഭവം ഗൗരവത്തോടെ കണ്ട് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ.ജേക്കബ് തോമസ് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

പ്രാഥമിക പരിശോധനയുടെ ഭാഗമായി ജസ്റ്റിസില്‍ നിന്ന് വിജിലന്‍സ് തേടിയിരുന്നു. യാസിര്‍ ഇബ്‌നു മുഹമ്മദ് എന്ന പ്രതിക്കു വേണ്ടി ഒരാള്‍ കോഴ വാഗ്ദാനം ചെയ്‌തെന്നാണ് ജഡ്ജി പറഞ്ഞത്. കോഫെപോസ ഒഴിവാക്കി നല്‍കിയാല്‍ 25 ലക്ഷം രൂപ നല്‍കാമെന്നും വേണമെങ്കില്‍ കൂടുതല്‍ തുക തരാമെന്നുമായിരുന്നു വാഗ്ദാനം.

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കോഫെപോസ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കിയതിനെതിരെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്ന പ്രതികളിലൊരാളായ യാസിര്‍ ഇബ്‌നു മുഹമ്മദിനു വേണ്ടി സ്വാധീനിക്കാന്‍ ശ്രമിച്ചത്.

വെളിപ്പെടുത്തലിനെ തുടര്‍ന്ന് അഡ്വ.ജയശങ്കര്‍ നല്‍കിയ ക്രിമിനല്‍ കോടതിയലക്ഷ്യ അപേക്ഷയില്‍ എ.ജി സി.പി. സുധാകര പ്രസാദ് സ്വര്‍ണക്കള്ളക്കടത്തു കേസില്‍ പ്രതികളായ സലിം മേലേത്ത് മക്കാര്‍, കെ.ബി. ഫാസില്‍, യാസിര്‍ ഇബ്‌നു മുഹമ്മദ്, ജാബിന്‍. കെ. ബഷീര്‍, ബിബിന്‍ സ്‌കറിയ, പി.എ. നൗഷാദ്, എം.എസ്. സൈഫുദ്ദീന്‍, ഷിനോയ് കെ. മോഹന്‍ദാസ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരുന്നത്.

Top