കോട്ടയം: മാര്‍ക്ക് ലിസ്റ്റിന് വിദ്യാര്‍ഥിനിയില്‍ നിന്ന് കൈക്കൂലിവാങ്ങിയ ജീവനക്കാരിക്കെതിരെ എംജി സര്‍വകലാശാലയുടെ നടപടി. അറസ്റ്റിലായ പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി.ജെ. എല്‍സിയെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് റജിസ്ട്രാറുടെ നടപടി. ഇടത് യൂണിയനില്‍ അംഗമായ എല്‍സിയെ സംഘടനയില്‍ നിന്നും പുറത്താക്കി. എംജി സര്‍വകലാശാല എംപ്‌ളോയീസ് അസോസിയേഷന്‍ അംഗമായിരുന്നു സി.ജെ. എല്‍സി. യശസ്സിന് കളങ്കം വരുത്തുന്ന രീതിയില്‍ ഗുരുതരമായ കുറ്റകൃത്യമാണ് എല്‍സിയുടേതെന്നും സംഘടന കുറ്റപ്പെടുത്തി. സംഭവത്തില്‍ സര്‍ക്കാരും സര്‍വകലാശാലയും സമഗ്രമായ അന്വേഷണം വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട സ്വദേശിനിയായ വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്നായിരുന്നു കോട്ടയം വിജിലന്‍സിന്റെ നിര്‍ണായക നീക്കം. എംബിഎ വിദ്യാര്‍ഥിനിയുടെ മാര്‍ക്ക് ലിസ്റ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും കൈമാറാനാണ് സെക്ഷന്‍ അസിസ്റ്റന്റായ എല്‍സി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഈ രേഖകള്‍ക്കായി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ വിദ്യാര്‍ഥിനി സെക്ഷനില്‍ കയറി ഇറങ്ങുന്നു. ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു ജീവനക്കാരിയുടെ ചൂഷണം. ഒക്ടോബറില്‍ പതിനായിരം രൂപ വാങ്ങിയ എല്‍സി നവംബര്‍ 26ന് ഒരു ലക്ഷം രൂപ അക്കൗണ്ട് വഴിയും കൈപ്പറ്റി. ജനുവരിയില്‍ ആദ്യ ആഴ്ചയില്‍ മറ്റൊരു പതിനായിരം രൂപയും കൈപ്പറ്റി.
സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അന്‍പതിനായിരം രൂപ കൂടി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് വിദ്യാര്‍ഥിനി കോട്ടയം വിജലന്‍സ് എസ്പി വി.ജി വിനോദ്കുമാറിനെ സമീപിച്ചത്. അന്‍പതിനായിരം നല്‍കാനാകില്ലെന്ന് വിദ്യാര്‍ഥിനി അറിയിച്ചതോടെ മുപ്പതിനായിരമാക്കി കുറച്ചു. ഇന്ന് തന്നെ പണം കൈമാറാനായിരുന്നു നിര്‍ദേശം. സര്‍വകലാശാല ആസ്ഥാനത്തുവെച്ച് വിദ്യാര്‍ഥിനി നല്‍കിയ പതിനയ്യായിരം രൂപ എല്‍സി കൈപ്പറ്റിയതിന് പിന്നാലെ വിജിലന്‍സ് വളഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ മറ്റു ജീവനക്കാരുടെ പങ്കുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യം ശക്തമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ സര്‍വകലാശാല ജീവനക്കാര്‍ കൈക്കൂലി ആവശ്യപ്പെടുന്നതായി നേരത്തെയും പരാതി ഉയര്‍ന്നിട്ടുണ്ട്.