കോഴിക്കോട്: പണവും മദ്യവും നല്‍കി സ്വാധീനിച്ചാണ് സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാറില്‍ നിന്ന് സയനൈഡ് സംഘടിപ്പിച്ചതെന്ന് മാത്യുവിന്റെ മൊഴി. അയ്യായിരം രൂപയും രണ്ട് കുപ്പി മദ്യവും നല്‍കിയാണ് പ്രജുകുമാറില്‍ നിന്ന് സയനൈഡ് കൈക്കലാക്കിയത്. ഇത് ജോളിക്ക് കൈമാറി. യഥാര്‍ത്ഥത്തില്‍ എന്തിനാണ് ഈ സയനൈഡെന്ന് തനിക്ക് അറിയില്ലായിരുന്നു. പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് എന്നാണ് തന്നോട് ജോളി പറഞ്ഞത് എന്നാണ് മാത്യു പറയുന്നത്.
ജോളിക്ക് വേണ്ടിയാണ് സയനൈഡ് വാങ്ങിയതെന്ന് താന്‍ പ്രജുകുമാറിനോട് പറഞ്ഞിട്ടില്ല. തന്റെ സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് സയനൈഡ് എന്നാണ് പ്രജുകുമാറിനോട് പറഞ്ഞത്. അതിന് വേണ്ടിയാണ് മദ്യവും പണവും നല്‍കിയത്. പ്രജുകുമാറില്‍ നിന്ന് സയനൈഡ് സംഘടിപ്പിച്ച ശേഷം ജോളിക്ക് ഇത് കൊണ്ടുപോയി നല്‍കിയെന്ന് മാത്യു പൊലീസിനോട് പറഞ്ഞു.
പിന്നീടൊരു തവണ കൂടി ജോളി തന്നോട് സയനൈഡ് ചോദിച്ചു. അന്നും താന്‍ പ്രജുകുമാറിനോട് സയനൈഡ് എത്തിച്ച് തരാനാകുമോ എന്ന് ചോദിച്ചിരുന്നെന്നും എന്നാല്‍ സ്റ്റോക്കുണ്ടായിരുന്നില്ലാത്തതിനാല്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും മാത്യു മൊഴി നല്‍കുന്നു.ജോളിയുടെ ബന്ധുവാണ് മാത്യു. മാത്യുവുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് ജോളി സയനൈഡ് കൈക്കലാക്കിയത്. പ്രജുകുമാറും ജോളിയും നേരിട്ട് പരിചയമുണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.