മഹുവ മൊയ്ത്രക്കെതിരെ കോഴ ആരോപണം, വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം

ദില്ലി: മഹുവ മൊയ്ത്ര എംപിക്കെതിരായ ചോദ്യത്തിന് കോഴ ആരോപണത്തില്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ നടപടികള്‍ക്കെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം. ആരോപണം ഉന്നയിച്ചവരുടെ മൊഴി ആദ്യമെടുത്ത എത്തിക്‌സ് കമ്മിറ്റിയുടെ നടപടി ദുരൂഹമാണെന്ന് പ്രിയങ്ക ചതുര്‍വേദി എംപി. സമിതിക്ക് മുന്‍പാകെ ചൊവ്വാഴ്ച ഹാജരാകില്ലെന്നും മഹുവ മൊയ്ത്ര.

കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്രയെ കുരുക്കാനാണ് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ ശ്രമമെന്നാണ് ശിവസേന, സിപിഎം തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നിലപാട്. ചെയര്‍മാന്‍ വിനോദ് കുമാര്‍ സൊങ്കര്‍ എംപിക്കും, സമിതിയുടെ നടപടിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

സമിതിക്ക് മുന്‍പാകെയുള്ള പരാതിയില്‍ മഹുവ മൊയ്ത്രയുടെ വിശദീകരണം ആദ്യം തേടുന്നതിന് പകരം പരാതിക്കാരുടെ മൊഴിയെടുത്തു തുടങ്ങിയ ആക്ഷേപങ്ങള്‍ ശിവസേനയടക്കമുള്ള കക്ഷികള്‍ ശക്തമാക്കി. മുന്‍പ് സഭയില്‍ ബിജെപി എംപി രമേഷ് ബിധുരി അസഭ്യവര്‍ഷം നടത്തിയ സംഭവത്തില്‍ പരാതിക്കാരനായ ഡാനിഷ് അലിയുടെ മൊഴി എത്തിക്‌സ് കമ്മിറ്റി രേഖപ്പെടുത്തിയിട്ടില്ല.

മഹുവ വിവാദത്തില്‍ മറിച്ച് സംഭവിച്ചത് ചൂണ്ടിക്കാട്ടിയാണ് സമിതി നിലപാടിലെ സംശയം പ്രതിപക്ഷം ശക്തമാക്കുന്നത്. അതേ സമയംകമ്മിറ്റി നടപടികള്‍ ചെയര്‍മാന്‍ പരസ്യപ്പെടുത്തിയതില്‍ സമൂഹമാധ്യമമായ എക്‌സിലൂടെ മഹുവ മൊയ്ത്രയും അതൃപ്തി അറിയിച്ചു. മണ്ഡലത്തില്‍ തിരക്കിട്ട പരിപാടികള്‍ ഉള്ളതിനാല്‍ കമ്മിറ്റി നിശ്ചയിച്ച ദിവസം മൊഴി നല്‍കില്ലെന്നും അടുത്ത നാലിന് ശേഷം പരിഗണിക്കാമെന്നുമാണ് പ്രതികരണം.

Top