കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാനാര്‍ത്ഥിയാക്കാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ ക്രൈംബ്രാഞ്ച് ഇന്ന് ശേഖരിക്കും. കൊച്ചി കാക്കാനാട്ടെ ചിത്രഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് സാമ്പിള്‍ എടുക്കുക. രാവിലെ 11 ന് സ്റ്റുഡിയോയില്‍ എത്താനായി സുരേന്ദ്രന് നോട്ടീസ് നല്‍കിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
കേസിലെ പ്രധാന സാക്ഷി പ്രസീത അഴീക്കോടിന്റെ ശബ്ദസാമ്പിളും ഇന്ന് ശേഖരിക്കും. രാവിലെ ഒന്‍പതരയ്ക്കാണ് പ്രസീദയുടെ ശബ്ദസാമ്പിളെടുക്കുക. എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലാണ് തെളിവ് ശേഖരണം. കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.
മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മറ്റൊരു കേസും സുരേന്ദ്രനെതിരെയുണ്ട്. കേസില്‍ കെ.സുരേന്ദ്രനെ കഴിഞ്ഞ മാസം ചോദ്യംചെയ്തിരുന്നു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ നടന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.