കോഴക്കേസ്; സുനില്‍ നായിക്കിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യ ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുനില്‍ നായിക്കിന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. രാവിലെ പത്ത്മണിയോടെ കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് മുന്നില്‍ ഹാജരാകണം. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാനാവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ എത്തിയിരുന്നില്ല.

തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയത്. കെ സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിന് മുന്‍പ് സുനില്‍ നായിക്ക് സുന്ദരയുടെ വീട്ടിലെത്തിയത് സംബന്ധിച്ചാകും ചോദ്യം ചെയ്യല്‍. കേസില്‍ ബിജെപി പ്രാദേശിക നേതാക്കളെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദര മഞ്ചേശ്വരത്ത് നിന്ന് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും പണം നല്‍കിയെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്. പണം നല്‍കിയതില്‍ യുവ മോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിന് പങ്കുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.

ഇതേതുടര്‍ന്നാണ് ഇയാള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. കെ സുന്ദരയ്ക്ക് രണ്ട്‌ലക്ഷം രൂപയും 15000 രൂപ വില വരുന്ന ഫോണും നല്‍കിയെന്ന ആരോപണത്തിലാണ് കേസ്. ആദ്യം ബദിയടുക്ക പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പത്രിക പിന്‍വലിക്കാന്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ മൊഴി കാസര്‍കോട് ജില്ല ക്രൈംബ്രാഞ്ച് നേരത്തെ എടുത്തിരുന്നു.

 

Top