ജാനുവിന് കോഴ: കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കല്‍പറ്റ: സി.കെ. ജാനുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പറ്റ കോടതി ഉത്തരവ്. ജാനുവിനെ എന്‍.ഡി.എയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായാണ് സുരേന്ദ്രന്‍ പണം കൈമാറിയത്.

കൂടാതെ, ജെ.ആര്‍.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷ കൂടിയായ ജാനുവിനെതിരെ കേസെടുക്കാനും കോടതി നിര്‍ദേശിച്ചു. ഐ.പി.സി 171 ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നല്‍കിയ ഹരജിയിലാണ് കല്‍പറ്റ മജിസ്‌ട്രേട്ട് കോടതി ബത്തേരി പൊലീസിന് നിര്‍ദേശം നല്‍കിയത്.

ജാനുവിന് പണം നല്‍കിയതിന് തെളിവായി സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ കഴിഞ്ഞദിവസങ്ങളില്‍ ജെ.ആര്‍.പി ട്രഷറര്‍ പ്രസീത പുറത്തുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ മൂന്നിന് ഡി.ജി.പിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളില്ലാതെ വന്നതോടെയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

Top