കാസര്‍കോട്: കൈക്കൂലി ആവശ്യപ്പെട്ട് കേരള പൊലീസ് കര്‍ണാടകയിലെ ബാര്‍ ജീവനക്കാരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കാസര്‍കോട് ജില്ലയിലെ കേരള കര്‍ണാടക അതിര്‍ത്തിയായ ഗ്വാളിമുഖത്തെ ബാറില്‍ ആദൂര്‍ പൊസീസ് റെയ്ഡിനെത്തി ജീവനക്കാരെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
കേരളത്തില്‍ ബാറുകള്‍ പൂട്ടിയത് മുതലെടുക്കാന്‍ അതിര്‍ത്തിയില്‍ കര്‍ണാടക അനുവദിച്ച ബാറുകളിലൊന്നാണ് ഗ്വാളിമുഖത്തേത്. ഇവിടത്തെ ഇടപാടുകാര്‍ കാസര്‍കോട് നിന്നുള്ളവരായതിനല്‍ മാസം ഇരുപതിനായിരം രൂപ വീതം പടി നല്‍കണമെന്ന് ആദൂര്‍ പൊലീസ് ഉടമകളോട് ആവശ്യപ്പെട്ടിരുന്നത്രെ. ഇത് ഉടമകള്‍ നിസരച്ചതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വെള്ളച്ചാലില്‍ വച്ച് വിദേശ മദ്യം പിടികൂടിയ കേസില്‍ ബാറ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം, കേസ് അന്വേഷിക്കാന്‍ പോയ എസ്‌ഐ സന്തോഷ് കുമാറിനെയും സിപി ഒ പ്രിയേഷിനെയും ആക്രമിച്ചതിന് ബാര്‍ ജീവനക്കാരായ വിട്‌ല സ്വദേശി മഞ്ജുനാഥ, നെട്ടിഗെ സ്വദേശി ശശിധര എന്നിവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ബാറില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ പിടിച്ചുകൊണ്ടുപോയി എന്ന ഉടമയുടെ പരാതിയില്‍ കര്‍ണാടക പുത്തൂര്‍ പൊലീസും കേസെടുത്തിട്ടുണ്ട്.