മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടി; രണ്ടു പേര്‍ പൊലീസ് പിടിയില്‍

കണ്ണൂര്‍: തളിപ്പറമ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സ്വദേശികളായ രാജേന്ദ്രന്‍ വി.വി, വസന്തരാജ് കെ.പി എന്നിവരെയാണ് എസ്‌ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ആകെ 17 പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു.

ബാങ്കില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 31 അക്കൗണ്ടുകളില്‍ നിന്നായി 50 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ബാങ്ക് പരിശോധന പൂര്‍ത്തിയാക്കി പരാതി നല്‍കുമ്പോഴേക്കും സംഭവത്തില്‍ ആരോപണ വിധേയനായ ബാങ്കിലെ അപ്രൈസര്‍ രമേശന്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്നാണ് ബാങ്ക് മാനേജറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ രത്‌നാകുമാര്‍, സിഐ എ.വി ദിനേശന്‍,എസ്‌ഐ പി.സി സഞ്ജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 31 അക്കൗണ്ടുകളിലായി കണ്ടെത്തിയ മുക്കുപണ്ടം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ബാങ്കിലെ ഉദ്യോഗസ്ഥരെയും വ്യാജ സ്വര്‍ണപ്പണയം വച്ചവരെയുമടക്കം ചോദ്യം ചെയ്ത് വരികയായിരുന്നു.

അതിനിടെയാണ് ചോദ്യം ചെയ്യലില്‍ വ്യാജ സ്വര്‍ണം പണയം വെച്ചതില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടിയിലായ വസന്തരാജ് കെ.പി തളിപ്പറമ്പിലെ ജ്വല്ലറി ഉടമയാണ്. സംഭവവുമായി ബന്ധപ്പെട്ട് 17 പ്രതികള്‍ ആകെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

 

Top