ദുരിതത്തിന് അറുതിയില്ലാതെ അട്ടപ്പാടി;പ്രളയത്തിൽ തകർന്ന പാലങ്ങൾ അതേ പടി !

പാലക്കാട് : അട്ടപ്പാടിയിലെ ജനങ്ങൾ ദിനംപ്രതി നേരിടുന്ന വലിയ പ്രശ്നമാണ് വാഹന ഗതാതഗതം. പ്രളയത്തിൽ തകർന്ന പാലങ്ങൾ ഇപ്പോഴും അതേ പോലെ തന്നെ നിൽക്കുന്നു. ശിരുവാണിപ്പുഴയുടെ അക്കരയിൽ ആയിരങ്ങളാണ് ഈ തെരഞ്ഞെടുപ്പ് കാലത്തും ബുദ്ധിമുട്ട് നേരിടുന്നത്. പ്രളയത്തിൽ ശിരുവാണിപ്പുഴയിലെ 4 പാലങ്ങളാണ് തകർന്നുപോയത്. പ്രളയം മൂലം ഇവിടുത്തെ ജനങ്ങൾക്ക് അക്കരയുമായുള്ള ബന്ധം തന്നെ ഇല്ലാതായി. ഒരിടത്തുപോലും പുതിയ പാലം നിർമിക്കാനുളള പ്രാരംഭ നടപടികൾ പോലും ആയിട്ടില്ല. മറുകരയിലുള്ള പത്ത് ഊരുകളിലായി ഏതാണ്ട് ആയിരത്തിലേറെ കുടുംബങ്ങൾ വാഹനഗതാതഗതം സാധ്യമാകാതെ ഒറ്റപ്പെട്ടിരിക്കുകയാണിപ്പോഴും.

ഗർഭിണികളെയും അസുഖം ബാധിച്ചവരെയും പ്രായമായവരെയും ചുമന്ന് കൊണ്ടുവന്ന് പാലത്തിനിക്കരെ എത്തിച്ചതിന് ശേഷം വേണം ആശുപത്രിയിലെത്തിക്കാൻ. തെരഞ്ഞെടുപ്പ് പ്രചാരണം രാഷ്ട്രീയ പാർട്ടികൾ ശക്തമായി തുടരുമ്പോഴും അട്ടപ്പാടിയിലെ ഈ പാവങ്ങളുടെ ദുരിതത്തിന് അറുതിയില്ല. പ്രളയത്തിൽ തകർന്ന പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമെല്ലാം യുദ്ധകാലടിസ്ഥാനത്തിലാണ് സർക്കാർ പൂർവസ്ഥിതിയിലാക്കിയത്. എന്നാൽ ഇവിടെ പാലം എന്ന് ശരിയാകുമെന്ന് അർക്കുമറിയില്ല. ഒരു പാലം തകർന്നിടത്ത് ഇതുപോലെ നാട്ടുകാർ മണ്ണിട്ട് പാലത്തിലൂടെ താൽക്കാലിക ഗതാഗതം സാധ്യമാക്കി. മറ്റിടങ്ങളെല്ലാം അതുപോലെ തന്നെ കിടക്കുകയാണിപ്പോഴും.

Top