മധ്യപ്രദേശില്‍ ഉദ്ഘാടനത്തിനു മുമ്പ് പാലം തകര്‍ന്നു വീണു; തൂണുകള്‍ നദിയില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ സിയോണി ജില്ലയിലെ വൈഗംഗക്ക് കുറുകെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലം തകര്‍ന്നു വീണു. നിര്‍മ്മാണം പൂര്‍ത്തിയായെന്ന് ഔദ്യോഗികമായി അറിയിച്ച അന്ന് തന്നെയാണ് 140 മീറ്റര്‍ നീളമുള്ള പാലം തകര്‍ന്നത്. നിശ്ചയിച്ച തീയതിക്ക് ഒരു മാസം മുമ്പേ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഗ്രാമവാസികള്‍ പാലം ഉപയോഗിച്ചു തുടങ്ങിയിരുന്നു.

പാലത്തിന്റെ മുക്കാല്‍ ഭാഗവും തകര്‍ന്ന് തൂണുകള്‍ നദിയില്‍ വീണു കിടക്കുകയാണ്. പ്രധാനമന്ത്രിയുടെ പിഎംജിഎസ് വൈ പദ്ധതി പ്രകാരം 3.7 കോടി രൂപ ചെലവിലാണ് പാല നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2018 സെപ്റ്റംബറില്‍ നിര്‍മ്മാണം തുടങ്ങി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ രാഹുല്‍ ഹരിദാസ് ഉത്തരവിട്ടു. പാലം തകര്‍ന്നതിന്റെ ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Top