bridge collapused; 13 dead bodies founded

മുംബൈ:മുംബൈഗോവ ദേശീയപാതയില്‍ സാവിത്രി നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് കാണാതായവരില്‍ നാലു സ്ത്രീകളുള്‍പ്പെടെ 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടത്തെി.

അപകട സ്ഥലത്തുനിന്ന് കിലോമീറ്ററുകളോളം ദൂരെനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 18 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്ന രണ്ട് മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് ബസുകളും 10 യാത്രക്കാരുള്ള ടവേരയുമാണ് കാണാതായതായി സ്ഥിരീകരണമുള്ളത്.

ഇവയെ കൂടാതെ മൂന്നോളം മറ്റ് വാഹനങ്ങളും അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും അറിയിച്ചു.

കൊങ്കണ്‍ മേഖലയിലെ പാലങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് പാലം തകര്‍ന്നത്.

ഒഴുക്കില്‍പെട്ട രണ്ട് ബസിലും വാഹനങ്ങളിലുമായി 22 പേര്‍ ഉണ്ടായിരുന്നതായാണ് നിഗമനം.
ബാക്കിയുള്ളവര്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. 300 കിലോഗ്രാം ഭാരമുള്ള കാന്തത്തിന്റെ സഹായത്തോടെയാണ് വാഹനങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നത്. കാന്തം ഭാരമുള്ള എന്തിലോ തട്ടി നിന്നതിനെത്തുടര്‍ന്ന് വസ്തു ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

അപകടത്തില്‍പെട്ടവരുടെ ബന്ധുക്കളടക്കം വന്‍ജനാവലിയാണ് സ്ഥലത്ത് തടിച്ചു കൂടിയിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് സാവിത്രി നദി കരകവിഞ്ഞൊഴുകിയതാണ് പാലം തകരാന്‍ കാരണമായത്.

രണ്ട് സമാന്തരപാലങ്ങളില്‍ ഒന്നാണ് തകര്‍ന്നു വീണത്. ഇത് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ പണിത പാലമാണ്.

Top