ധോള: ധോള – സാദിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വൈകിപ്പിച്ചത് യുപിഎ സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
2003ല്‍ വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബിജെപി എംഎല്‍എ ജഗദീഷ് ഭുയാന്‍ ഈ പാലത്തിനായി പരിശ്രമിച്ചത്. അന്ന് അദ്ദേഹം അയച്ച കത്ത് പരിഗണിച്ചാണ് വാജ്‌പേയി പദ്ധതിക്ക് അനുമതി നല്‍കിയത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ മാറുകയും പാലത്തിന്റെ പണികള്‍ മുടങ്ങുകയും ചെയ്തുവെന്ന് മോദി പറഞ്ഞു.
എന്നാല്‍ അസമില്‍ ബിജെപി അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പാലം ഇനി ഗായകനായ ഭൂപെന്‍ ഹസാരിക എന്നപേരില്‍ അറിയപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഈ പാലത്തിനായുള്ള കാത്തിരിപ്പാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അസമിന് മാത്രമല്ല രാജ്യത്തിന് മുഴുവന്‍ അഭിമാനിക്കാന്‍ വകനല്‍കുന്നതാണ് ഈ പാലമെന്നും സ്ഥായിയായ വികസനം വേണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം ഒരുക്കേണ്ടതെന്നും പറഞ്ഞ അദ്ദേഹം തന്റെ സര്‍ക്കാര്‍ സ്ഥായിയായ വികസനത്തിനാണ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
പുതിയ പാലം വഴി സാമ്പത്തിക വിപ്ലവമാണ് വരുന്നതെന്നും ദിനവും 10 ലക്ഷത്തോളം ഇന്ധനം ലാഭിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പാലം ഇന്ത്യയെ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മതിയായ യാത്രാസൗകര്യങ്ങളില്ലാത്തതുകൊണ്ട് ഈ പ്രദേശം എത്രമനോഹരമാണെന്ന് മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിച്ചിരുന്നില്ലെന്നും ഇതൊരു ടൂറിസം ഹബ്ബാക്കി മാറ്റുകയാണെങ്കില്‍ മേഖലയ്ക്കാകെ ഗുണകരമാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.