ലൈംഗികാതിക്രമക്കേസില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിന് ഇടക്കാല ജാമ്യം

ഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവിയും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് ഇടക്കാല ജാമ്യം അനുവദിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ബ്രിജ്ഭൂഷണ്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി. 25,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ രണ്ട് ദിവസത്തേക്കാണ് ജാമ്യം. ബ്രിജ്ഭൂഷണ് പുറമെ അദ്ദേഹത്തിന്റെ അടുത്ത സഹായിയും ഗുസ്തി അസോസിയേഷന്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും ഇടക്കാല ജാമ്യം ലഭിച്ചിട്ടുണ്ട്. ജൂലൈ 20 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനോട് ജൂലൈ 18 ന് ഹാജരാകാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി നേരത്തെ സമന്‍സ് അയച്ചിരുന്നു. ഏപ്രില്‍ 21-നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പടെ ഏഴ് വനിത ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആറ് തവണ എംപിയായ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസ് ജൂണ്‍ 15 ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വലിയ പ്രക്ഷോഭത്തിനും ബഹളത്തിനും ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പിതാവും ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുകയും പുതിയ മൊഴി നല്‍കുകയും ചെയ്തിരുന്നു.

Top