സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കേരള സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല ; വൃന്ദ കാരാട്ട്

vrinda

കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കില്ലെന്നാണ് കരുതുന്നതെന്നും, ഇന്ത്യന്‍ ക്രിമിനല്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു പ്രമുഖ നടിയെ പീഡിപ്പിക്കാന്‍ വേണ്ടി മറ്റൊരു നടന്‍ ഗുണ്ടകളെ വിട്ട് ക്വട്ടേഷന്‍ കൊടുക്കുന്നതെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടത്തുന്ന ‘മതനിരപേക്ഷതയ്ക്കായി പെണ്‍കൂട്ടായ്മ’ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ദയവിന്റെ ഒരു കണിക പോലും അറസ്റ്റിലായ നടന്‍ അര്‍ഹിക്കുന്നില്ല. അത് ഹൈക്കോടതി മനസിലാക്കുമെന്നാണ് താന്‍ കരുതുന്നത്. നടന്റെ അറസ്റ്റ് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും വൃന്ദകാരാട്ട് വ്യക്തമാക്കി.

നടിക്കെതിരെ നടന്ന ആക്രമത്തില്‍ മുഖം നോക്കാതെ നടപടിയെടുത്തതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ആക്രമത്തെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കുന്ന സര്‍ക്കാരല്ല കേരള സര്‍ക്കാരെന്ന് മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടി കാണിച്ച് കൊടുക്കാന്‍ കഴിഞ്ഞു.

സംസ്ഥാനത്തെ മറ്റൊരു പെണ്‍കുട്ടിക്കെതിരെ നടന്ന ആക്രമത്തിനിടെ പെണ്‍കുട്ടി തന്നെ ആയാള്‍ക്ക് ശിക്ഷ വിധിച്ചപ്പോള്‍ ശിക്ഷ നല്‍കി കഴിഞ്ഞുവല്ലോ എന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയാന്‍ മാത്രമായിരിക്കുമെന്നും വൃന്ദകാരാട്ട് സൂചിപ്പിച്ചു.

പെട്ടന്ന് തന്നെ കുറ്റകൃത്യത്തിന് പുറകെയുള്ളവരെ പിടികൂടിയ പിണറായി വിജയന്‍ സര്‍ക്കാരിനെ താന്‍ അഭിനന്ദിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Top