ന്യൂഡല്‍ഹി: ബാലനീതി ബില്‍(ജുവനൈല്‍ ജസ്റ്റിസ് ബില്‍) സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് സി.പി.എം. നേതാവ് ബൃന്ദ കാരാട്ട്.
കുറ്റകൃത്യങ്ങളുടെ ശിക്ഷ നിശ്ചയിക്കാനുള്ള പ്രായപരിധി കുറക്കാനുള്ള തീരുമാനം നീതിയുടെ താല്‍പ്പര്യപ്രകാരമല്ലെന്ന് ബൃന്ദ പറഞ്ഞു. ഒരു പതിനാറുകാരനെ തിഹാര്‍ ജയിലിലുള്ള കൊടുംകുറ്റവാളികള്‍ക്കിടയിലേക്ക് അയക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പിന്തിരിപ്പന്‍ ചിന്താഗതിയാണിത്.
പതിനാറുകാരനെ മുതിര്‍ന്ന ഒരാളായി കാണാനാവില്ല. സി.പി.എം. ഇതിനെ എതിര്‍ക്കും. രാജ്യസഭയില്‍ ബില്ല് ചര്‍ച്ചയ്ക്കു വന്നാല്‍ സെലക്ട് കമ്മിറ്റിക്കു വിടാന്‍ തങ്ങള്‍ നിര്‍ബന്ധിക്കുമെന്ന് അവര്‍ അറിയിച്ചു.
ബില്ല് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിയും ആവശ്യപ്പെട്ടു. ബില്ല് പാസാവരുതെന്നാണ് തന്റെ ആഗ്രഹമെന്ന് മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ രാം ജെഠ്മലാനി അഭിപ്രായപ്പെട്ടു.
അതേസമയം, ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ മരിച്ച ജ്യോതിയുടെ മാതാവ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് ബില്ല് പാസാക്കാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ് ബില്ലുമായി സഹകരിക്കുമെന്ന് രാഹുല്‍ അറിയിച്ചതായി അവര്‍ പറഞ്ഞു. രാവിലെ അവര്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെയും സന്ദര്‍ശിച്ച് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.