പഴയ ജറുസലേം നഗരത്തിൽ വീണ്ടും വെടിവെപ്പ് ; ബ്രിട്ടൻ ഹമാസിനെ നിരോധിച്ചു

ജറുസലം: പഴയ ജറുസലം നഗരത്തിൽ ഹമാസ് സംഘാംഗത്തിന്റെ വെടിവയ്പിൽ ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടു. 2 പൊലീസുകാരടക്കം 4 പേർക്കു പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ ഹമാസ് സംഘാംഗം പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു.

അൽ അഖ്സാ പള്ളിയുടെ ഗേറ്റിനു സമീപമാണ് ആക്രമണം നടന്നത്. കിഴക്കൻ ജറുസലമിലെ അഭയാർഥി ക്യാംപിൽ താമസിക്കുന്ന, 40 വയസ്സിലേറെ പ്രായമുള്ള പലസ്തീൻകാരനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇവിടെ സുരക്ഷ ശക്തിപ്പെടുത്തി. ആക്രമണത്തെ ഹമാസ് ന്യായീകരിച്ചെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തില്ല.

ജറുസലമിൽ 4 ദിവസത്തിനുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. അന്ന് 2 പൊലീസുകാരെ കുത്തിയ യുവാവിനെയും പൊലീസ് വെടിവച്ചുകൊന്നിരുന്നു. ഇതിനിടെ, കഴിഞ്ഞ മാസം വെടിവയ്പിൽ മരിച്ച അംജത് അബു സുൽത്താൻ (14) എന്ന ബാലന്റെ മൃതദേഹം ഇസ്രയേൽ വിട്ടുകൊടുത്തു. 30 വയസ്സിലേറെ പ്രായമുള്ള ഒരാളുടെ മൃതദേഹമാണു നേരത്തേ തെറ്റായി വിട്ടുകൊടുത്തത്.

ബ്രിട്ടൻ കഴിഞ്ഞ ദിവസം ഹമാസിനെ നിരോധിച്ചു. ഹമാസ് ഭീകരസംഘടനയാണെന്ന യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയുടെ നിലപാടിൽ ഇതോടെ ബ്രിട്ടനുമെത്തി.

Top