ലണ്ടൻ : യൂറോപ്പിലെ ഏറ്റവും വലിയ തീം പാർക്കിന്റെ നിർമാണത്തിന് ബ്രിട്ടൻ പുതുവർഷത്തിൽ തുടക്കം കുറിക്കുന്നു. ലണ്ടൻ റിസോർട്ട് എന്ന പേരിൽ നിർമിക്കുന്ന ഈ വിനോദ പാർക്ക് ഔട്ടർ ലണ്ടന്റെ ഭാഗമായ കെന്റിലെ സ്വാൻസ്കോമിലാണ് നിർമിക്കുന്നത്. പാരീസിലെ ഡിസ്നി ലാൻഡിനെ വെല്ലുന്ന സൗകര്യങ്ങളോടെയുള്ള ലണ്ടൻ റിസോർട്ടിന്റെ ആദ്യഘട്ട നിർമാണം 2024ൽ പൂർത്തിയാക്കും.
2029ൽ രണ്ടാം ഘട്ടവും പൂർത്തിയാകുന്നതോടെ യൂറോപ്പിലെ ഏറ്റവും വലിയ വിനോദ ഹബ്ബായി ഇത് മാറും. 3.5 ബില്യൺ പൗണ്ടിന്റെ പദ്ധതിയിലൂടെ 25 വർഷത്തിനുള്ളിൽ 50 ബില്യൺ പൗണ്ടിന്റെ ബിസിനസാണ് ലണ്ടൻ റിസോർട്ട് ലക്ഷ്യമിടുന്നത്. വ്യത്യസ്തങ്ങളായ റൈഡുകൾ, ആർട്ടിഫിഷ്യൽ മൌണ്ടൻ, വാർട്ടർ തീം പാർക്കുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ. ഫീച്ചറിംങ് ഷോപ്പുകൾ, സ്ട്രീറ്റ് എന്റർടെയിന്റ്മെന്റ്, തിയറ്ററുകൾ, ഹോളിവുഡിലേതിനു സമാനമായ സ്റ്റുഡിയോകൾ തുടങ്ങി വിവിധതരം വിനോദങ്ങളുടെ സംഗമഭൂമിയാകും ലണ്ടൻ റിസോർട്ട്.