ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ സ്ഥാനാരോഹണത്തിനായുള്ള തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ബ്രിട്ടൻ. ഏറെ സവിശേഷമായ നിരവധി ചടങ്ങുകളാൽ സമ്പന്നമാണ് ഈ കോറോണേഷൻ സെറിമണി. അടുത്തയാഴ്ച ബ്രിട്ടൻ അതിലേക്ക് കടക്കുമ്പോൾ ലോകം എന്തൊക്കെ പ്രതീക്ഷിക്കണം. ലോകത്തെ വിസ്മയിപ്പിക്കുന്നതാകും ചടങ്ങുകളെന്നാണ് വ്യക്തമാകുന്നത്.
രാജകീയ പ്രൗഢിയുടെ അവസാനവാക്കാണ് ബ്രിട്ടൻ. ആ ബ്രിട്ടൻ കഴിഞ്ഞ എഴുപതു വർഷത്തിനിടെ സാക്ഷ്യം വഹിക്കുന്ന ആദ്യത്തെ സ്ഥാനാരോഹണം മെയ് ആറാം തീയതി നടക്കാൻ പോകുന്നത്. തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്ന ആദ്യത്തെ കോറോണേഷൻ എന്നതാണ് ഇത്തവണത്തെ ഒരു പ്രത്യേകത. ഓപ്പറേഷൻ ഗോൾഡൻ ഓർബ് എന്ന് പേരിട്ടിരിക്കുന്ന കിരീടധാരണ ചടങ്ങിലൂടെ, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നാല്പതാമത്തെ രാജാവായി, ചാൾസ് മൂന്നാമൻ ആരോഹണം ചെയ്യപ്പെടുമ്പോൾ ചരിത്ര സംഭവമായി അത് മാറുമെന്നുറപ്പാണ്.
ആറാം തീയതി വെസ്റ്റ് മിനിസ്റ്റർ ആബേയിൽ നടക്കുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള കോറോണേഷൻ ചടങ്ങിൽ രണ്ടായിരം പേരാണ് പങ്കെടുക്കുക. നാവിക യൂണിഫോം ധരിച്ചാകും ചാൾസ് എത്തുക. ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ചിൽ ഘോഷയാത്രയായിട്ടാവും അദ്ദേഹം ബക്കിങ്ഹാം പാലസിൽ നിന്ന് ആബേയിലേക്ക് എത്തിച്ചേരുക. 444 വിലയേറിയ രത്നങ്ങൾ പതിപ്പിച്ച, തനിത്തങ്കത്തിൽ തീർത്ത സെന്റ് എഡ്വേർഡ്‌സ് ക്രൗൺ ആണ് ചടങ്ങിന്റെ പ്രധാന ആകർഷണം. അടുത്ത ദിവസം, മെയ് ഏഴാം തീയതി വിൻഡ്സർ കൊട്ടാരത്തിൽ വിപുലമായ കോറോണേഷൻ കൺസേർട്ട് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ പങ്കെടുക്കുന്ന ആ സംഗീത പരിപാടിയിൽ കോറോണേഷൻ കൊയറിന്റെ സാന്നിധ്യവും ഉണ്ടാകും.
ഈ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് ക്ഷണം കിട്ടിയത് ഒരേയൊരു സെലിബ്രിറ്റിക്ക് മാത്രമാണ്. അഭിനേത്രി സോനം കപൂർ ആണ് വിസ്മയിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യൻ സെലിബ്രിറ്റി. ചടങ്ങിൽ സ്റ്റീവ് വിൻവുഡും സംഘവും നയിക്കുന്ന കോമൺവെൽത്ത് വിർച്വൽ കൊയറിനെ സ്വാഗതം ചെയ്യുക എന്നതാണ് സോനത്തിന്റെ നിയോഗം. ടോം ക്രൂയിസ്, കാറ്റി പെറി, ലയണൽ റിച്ചി തുടങ്ങിയ പ്രസിദ്ധ താരങ്ങളും കോറോണേഷൻ കൺസർട്ടിന്റെ ഭാഗമാകും.
കോറോണേഷൻ ചടങ്ങിലൂടെ കിരീടം ശിരസ്സിലേറുന്നതോടെ യൂകെയുടെയും പതിനാല് കോമൺവെൽത്ത് രാജ്യങ്ങളുടെയും നാല്പതാമത്തെ രാജാവായി ചാൾസ് മൂന്നാമൻ അവരോധിക്കപ്പെടും. ഇന്ന് ജീവിച്ചിരിക്കുന്നതിൽ നല്ലൊരംശവും ഇന്നുവരെ കണ്ടിട്ടില്ലാത്ത ഈ മെഗാ ചടങ്ങിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.