ലണ്ടന്‍: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ നടപടികള്‍ സംബന്ധിച്ച അന്തിമകരാര്‍ ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
പ്രധാനമന്ത്രി തെരേസ മേയെ സംബന്ധിച്ച് പ്രധാനപ്പെട്ട നടപടികളിൽ ഒന്നാണ് അന്തിമകരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയെന്നത്.
ബ്രെക്‌സിറ്റിനെതിരെ ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് എതിർപ്പുകളും വെല്ലുവിളികളും ഉയരുന്നുണ്ട്.
അതിനാൽ എതിർപ്പുകളെ മറികടക്കാൻ അന്തിമകരാറിന് പാര്‍ലമെന്റിന്റെ പിന്തുണ ലഭിക്കുക എന്നത് പ്രധാന ഘടകമാണ്.
2019 മാർച്ച് 29ന് രാത്രി 11ന് എല്ലാ ചർച്ചകളും നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ യൂറോപ്യൻ യൂണിയനു പുറത്തുവരുമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
എന്നാൽ ഇതിന് മുന്നോടിയായാണ് പൗരാവകാശം, സാമ്പത്തിക ബാധ്യതകള്‍, ഭാവികാര്യങ്ങള്‍ എന്നിവ സംബന്ധിച്ച പരാമര്‍ശങ്ങളടങ്ങിയ അന്തിമകരാര്‍ പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിക്കുന്നത്.
ബ്രെക്‌സിറ്റ് നടപടികളെയും തുടര്‍ന്നുള്ള ബ്രിട്ടന്റെ നീക്കങ്ങളെയും നിയമമാക്കാനുള്ള സർക്കാർ ശ്രമത്തിന് പാര്‍ലമെന്റിന്റെ അനുമതി വേണം.
യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ നിന്ന് മോചിതരായി ബ്രിട്ടന്റേത് മാത്രമായ നിയമത്തിലേക്ക് രാജ്യത്തെ എത്തിക്കുകയെന്നതാണ് തെരേസ മേ ലക്ഷ്യമാക്കുന്നത്.
എന്നാൽ ഭരണപക്ഷത്തിലെ തന്നെ എംപിമാര്‍ ബ്രെക്‌സിറ്റ് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് രംഗത്തുണ്ട്.
അഞ്ച് മുന്‍ ക്യാബിനെറ്റ് മന്ത്രിമാരുടെ നേതൃത്വത്തില്‍ മുപ്പതോളം എംപിമാരാണ് തെരേസ മേയ്‌ക്കെതിരെ നിൽക്കുന്നത്.
ബ്രെക്‌സിറ്റ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന ബ്രെക്‌സിറ്റ് അനുകൂലികളും പാര്‍ട്ടിയിലുണ്ട്.
ഇവയെല്ലാം മറികടന്നാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള തെരേസ മേയുടെ തീരുമാനം.
വ്യക്തമായ പരിഹാരങ്ങൾ കാണാതെ ബ്രെക്‌സിറ്റ് നടപ്പാക്കണമോ എന്ന് ഒരിക്കൽ കുടി പരിശോധിക്കണമെന്നും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
സർക്കാരിന് എത്ര വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും ബ്രെക്‌സിറ്റ് സാധ്യമാക്കുകതന്നെ ചെയ്യും എന്ന ഉറച്ച നിലപാടിലാണ് തെരേസ മേ.