2030–ഓടെ ബ്രിട്ടനില്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബ്രിട്ടണിന്റെ പാരിസ്ഥിതിക നയം സംബന്ധിച്ച പ്രസംഗത്തിലായിരിക്കും മോറിസ് ജോണ്‍സണ്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, ഇന്ധനത്തിനൊപ്പം ഇലക്ട്രിക് കരുത്തും ഉപയോഗിക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് 2030-ലെ നിരോധനം ബാധകമായേക്കില്ല. ഇത്തരം വാഹനം 2035 വരെ വില്‍ക്കാന്‍ അനുവദിക്കും. പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുന്നത് ബ്രിട്ടന്റെ വാഹന വിപണിയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുകയെന്നാണ് വിലയിരുത്തലുകള്‍.
ബ്രിട്ടണിലെ വാഹനമേഖല പുറത്തുവിട്ട കണക്ക് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ വിറ്റതില്‍ 73.6 ശതമാനം വാഹനങ്ങളും പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയാണ്. കേവലം 5.5 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന. ശേഷിക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.