ലണ്ടന്‍: ജനങ്ങളെ ഏറെ ആകര്‍ഷിക്കുന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്നതുമാണ് ഗൂഗിളും ഫേയ്‌സ്ബുക്കും. എന്നാല്‍ ഇപ്പോള്‍ ഗൂഗിളിനും ഫെയ്‌സ്ബുക്കിനും നികുതി ചുമത്താനൊരുങ്ങുകയാണ് ബ്രിട്ടന്‍.
ഭീകരവാദവും ആക്രമണങ്ങളും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം നികുതി ചുമത്തുമെന്ന് ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ബെന്‍ വലൈസ് വ്യക്തമാക്കി.
രാജ്യ സുരക്ഷക്കുവേണ്ടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ മടിക്കുന്ന ടെക് അധികൃതര്‍ ഇത്തരം വിവരങ്ങള്‍ ലോണുകാര്‍ക്കും സോഫ്റ്റ് പോണ്‍ കമ്പനികള്‍ക്കും വിറ്റ് കാശാക്കുകയാണെന്ന് ബെന്‍ വലൈസ് കൂട്ടിചേര്‍ത്തു.
ഫെയ്‌സ്ബുക്ക് ഉദ്യോഗസ്ഥന്‍ സിമോന്‍ മില്‍നര്‍ മന്ത്രിയുടെ ആരോപണങ്ങള്‍ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. തീവ്രവാദ ഉള്ളടക്കങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ഫെയ്‌സ്ബുക്ക് നിക്ഷേപിച്ചിട്ടുണ്ടെന്നും രാജ്യ സുരക്ഷയ്ക്ക് നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യുകയില്ലെന്നും സിമോന്‍ മില്‍നര്‍ പ്രതികരിച്ചു.