ബ്രിട്ടനിലെ ചൂട് കാലാവസ്ഥയില്‍ ജനങ്ങള്‍ വലയുന്നു; ചൂട് ഇനിയും കൂടുമെന്ന് സൂചന

ബ്രിട്ടന്‍: ബ്രിട്ടനിലെ ചൂട് കാലാവസ്ഥയുടെ ആഘാതങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ആശുപത്രികള്‍ മുതല്‍ കര്‍ഷകര്‍ വരെ കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പുകളുമായി രംഗത്തുണ്ട്. റെയില്‍വേ ട്രാക്കുകള്‍ ചൂടില്‍ വെന്ത് ഇളക്കം തട്ടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. താപനില ഇനിയും കൂടിയാല്‍ റോഡുകള്‍ ഉരുകുമെന്നാണ് ജനങ്ങളുടെ ആശങ്ക. എന്തായാലും താപനില ഉയര്‍ന്നതോടെ അധികൃതര്‍ ജാഗ്രതയിലാണ്. പ്രത്യേകിച്ച് കൗണ്‍സിലുകള്‍ ജീവനക്കാരെ അലേര്‍ട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. സണ്‍ക്രീമുകളുടെ വില്‍പ്പന കുതിച്ചുയര്‍ന്നതോടെ മാഞ്ചസ്റ്ററിലെ ഫാക്ടറിയില്‍ ജീവനക്കാര്‍ ഓവര്‍ടൈം പണിയെടുക്കുകയാണ്. താപനില ഉയര്‍ന്നതോടെ രാജ്യത്ത് പല ഭാഗങ്ങളിലും പൊതുപരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

കെന്റിലെ മാര്‍ഗേറ്റിലെ കനത്ത ചൂടിനെത്തുടര്‍ന്ന് ആശുപത്രി അടച്ചു പൂട്ടി. വെള്ളിയാഴ്ച വരെ തുറക്കില്ലെന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്. രോഗികള്‍ക്കും ജീവനക്കാര്‍ക്കും ചൂട് താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് ഷട്ടറിട്ടത്.

വാട്‌ഫോര്‍ഡ് ജംഗ്ഷനും, തലസ്ഥാനത്തിനും ഇടയില്‍ വേഗ പരിധി നിശ്ചയിച്ചതിനാല്‍ ലണ്ടന്‍ യൂസ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ സര്‍വ്വീസുകള്‍ക്ക് തടസ്സം നേരിടുമെന്ന് വിര്‍ജിന്‍ ട്രെയിന്‍സ് വ്യക്തമാക്കി. കനത്ത ചൂടില്‍ റോഡുകള്‍ മൃദുവായി തീരുമെന്ന് ആര്‍എസി മോട്ടോറിസ്റ്റുകള്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു. കാറുകള്‍ക്ക് ഗ്രിപ്പ് നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്.

നാല് മാസം മുമ്പ് കനത്ത മഞ്ഞുമായി എത്തിയ ബീസ്റ്റ് ഫ്രം ദി ഈസ്റ്റുമായി ചൂടിന് ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്ന സമ്മര്‍ദ്ദ രീതികള്‍ കാറ്റിനെ തടയുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിദ്ഗ്ദ്ധര്‍ പറയുന്നു. അതേസമയം തിരക്കേറിയ സമയത്ത് യാത്രാ തിരക്ക് കുറയ്ക്കാന്‍ ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ ജോലി സമയം അനുവദിക്കണമെന്ന് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സൗത്ത് ഈസ്റ്റ്, സൗത്ത്, മിഡ്‌ലാന്‍ഡ്‌സ് സ്ഥലങ്ങളിലുള്ളവര്‍ക്കാണ് വെള്ളിയാഴ്ച വരെ ചൂട് കാലാവസ്ഥയില്‍ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Top