ബ്രിട്ടനില്‍ ചൂട് കാലാവസ്ഥയില്‍ ജനങ്ങള്‍ വലയുന്നു; തമ്മിലടിച്ച് വകുപ്പ് മേധാവികള്‍

ബ്രിട്ടന്‍: ബ്രിട്ടനില്‍ ചൂട് കാലാവസ്ഥയില്‍ ജനങ്ങള്‍ വലയുമ്പോള്‍ തമ്മിലടിച്ച് മെറ്റ് ഓഫീസും, ടൂറിസം മേധാവികളും. താപനിലയെക്കുറിച്ച് അനാവശ്യമായ മുന്നറിയിപ്പുകളാണ് കാലാവസ്ഥ പ്രവചനക്കാര്‍ നല്‍കുന്നതെന്നാണ് ടൂറിസം മേധാവികള്‍ ആരോപിക്കുന്നത്. ആംബര്‍ ഹെല്‍ത്ത് അലേര്‍ട്ടാണ് മെറ്റ് ഓഫീസ് ഇന്നലെ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് കരുതുന്നത്. ഇതോടെയാണ് ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയത്.

പരമാവധി സൂര്യതാപം ഏല്‍ക്കാതെയും, 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ വീടിനകത്ത് തുടരാനുമായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ യുകെ ഹോസ്പിറ്റാലിറ്റി മേധാവികള്‍ ഇതിനെതിരെ രംഗത്ത് വരികയായിരുന്നു. മുന്നറിയിപ്പ് മണ്ടത്തരമാണെന്നും, കാലാവസ്ഥ സുഖകരമായി ആസ്വദിക്കാനുമാണ് മേഖലയിലെ എംപിമാരും, വ്യവസായ മേധാവികളും കുടുംബങ്ങളോട് ആവശ്യപ്പെടുന്നത്. ബ്രിട്ടീഷ് ടൂറിസം മേഖലയ്ക്ക് വീണുകിട്ടിയ സുവര്‍ണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് ഇവര്‍ പ്രഖ്യാപിക്കുന്നത്. സഫോക്ക് സാന്റോണ്‍ ഡൗണ്‍ഹാമില്‍ താപനില 33.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി

1961ന് ശേഷം ഏറ്റവും വരള്‍ച്ച സമ്മാനിച്ച വേനല്‍ക്കാലമാണിതെന്ന് മെറ്റ് ഓഫീസ് പറയുന്നു. മീനുകളെ രക്ഷപ്പെടുത്തലും, കാട്ടുതീയും ഉള്‍പ്പെടെയുള്ള 44 വിവിധ സംഭവങ്ങളില്‍ എന്‍വയോണ്മെന്റ് ഏജന്‍സി വേനല്‍ക്കാലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ഇവയെ ഉച്ചസമയങ്ങളില്‍ പുറത്തിറക്കരുതെന്ന് ആര്‍എസ്പിസിഎ മുന്നറിയിപ്പ് നല്‍കി. സൗത്ത് ഈസ്റ്റ്, സൗത്ത്, മിഡ്‌ലാന്‍ഡ്‌സ് സ്ഥലങ്ങളിലുള്ളവര്‍ക്കാണ് വെള്ളിയാഴ്ച വരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Top