Britain to expect more air chaos as dense fog rolls in

ലണ്ടന്‍ : ബ്രിട്ടനില്‍ രണ്ടുദിവസമായി തുടരുന്ന കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ലണ്ടനിലെ വ്യോമഗതാഗതം സ്തംഭിച്ചു.

നഗരത്തിലെ പ്രധാന വിമാനത്താവളങ്ങളായ ഹീത്രു, ഗാട്ട്വിക്ക്, ലൂട്ടന്‍, സിറ്റി, സ്റ്റാന്‍സ്റ്റഡ് എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് താളം തെറ്റിയത്.

ഹീത്രുവില്‍നിന്നുള്ള മുപ്പതോളം സര്‍വീസുകള്‍ റദ്ദാക്കി. ഗാട്ട്വിക്കില്‍നിന്നുള്ള 23 സര്‍വീസുകളും ഇന്നലെ റദ്ദ് ചെയ്തു. പല സര്‍വീസുകളും സമയം തെറ്റിയാണ് ക്രമീകരിച്ചത്.

ദൂരക്കാഴ്ച അമ്പതു മീറ്ററില്‍ താഴെയാക്കുംവിധമുള്ള കനത്ത മൂടല്‍മഞ്ഞാണ് മൂന്നുദിവസമായി ലണ്ടനിലെങ്ങും. റോഡ് ഗതാഗതത്തെപ്പോലും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. റോഡപകടങ്ങളും ഇതുമൂലം വര്‍ധിച്ചു.

കനത്ത മൂടല്‍മഞ്ഞ് ഇന്നും തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദ് ചെയ്യാനും വൈകാനും സാധ്യതയുണ്ടെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. ഹീത്രുവില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. പലവിമാനങ്ങളും സമീപ നഗരങ്ങളിലേക്ക് തിരിച്ചുവിട്ടു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമഗതാഗത ഹബ്ബുകളിലൊന്നായ ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായത് പതിനായിരക്കണക്കിന് യാത്രക്കാരെയാണ് വലച്ചിരിക്കുന്നത്. ക്രിസ്മസ്, ന്യൂ ഈയര്‍ അവധിക്കാല യാത്രകള്‍ മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്കെല്ലാം ഇത് തിരിച്ചടിയായി.

മൂടല്‍മഞ്ഞ് മാറിയാലും രണ്ടോ, മൂന്നോ ദിവസങ്ങള്‍കൊണ്ടേ സര്‍വീസുകള്‍ പഴയനിലയിലാകൂ. സിറ്റി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ ഉച്ചകഴിഞ്ഞതോടെ സാധാരണഗതിയിലായെങ്കിലും മറ്റ് വിമാനത്താവളങ്ങളിലെല്ലാം വിമാനങ്ങളുടെ വരവും പോക്കും സമയക്രമം തെറ്റിയാണ്.

കനത്ത മൂടല്‍മഞ്ഞില്‍ ലണ്ടന്‍ നഗരംവിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസ് ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷമേ യാത്രയ്ക്കായി ഹീത്രൂ വിമാനത്താവളത്തില്‍ എത്താവൂ എന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യാത്രമുടങ്ങുന്നതുമൂലമുള്ള തിരക്കും മറ്റ് അസൗകര്യങ്ങളും ഒഴിവാക്കാനാനിത്. സര്‍വീസുകള്‍ റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാരോട് റീ ബുക്കിങ്ങിനും വിമാനത്താവളം നിര്‍ദേശിക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷയെക്കരുതിയാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Top