ലണ്ടന്‍: ചൈനീസ് കമ്പനി വാവെയ്യുടെ മേല്‍ യുഎസ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിനു പിന്നാലെ 5ജി സാങ്കേതികവിദ്യാ ശൃംഖലയില്‍നിന്നും ചൈനയെ നിരോധിക്കാനാണ് തായ്യാറെടുപ്പുമായി ബ്രിട്ടന്‍.
5ജി സാങ്കേതികവിദ്യയില്‍ വാവെയ്യുടെ പങ്ക് വരുംവര്‍ഷങ്ങളില്‍ ഗണ്യമായി കുറയ്ക്കാനും വൈകാതെ കമ്പനിയെ പൂര്‍ണമായി ഒഴിവാക്കാനുമാണു നീക്കം. ഇതിന്റെ ഭാഗമായി ബ്രിട്ടനില്‍ 5ജി വികസന നടപടികളില്‍ വാവെയ്യുടെ പുതിയ ഉപകരണങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടുത്തുന്നതിനോ വിറ്റഴിക്കുന്നതിനോ ഈ വര്‍ഷം അവസാനം മുതല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ തീരുമാനിച്ചു.
സെമി കണ്ടക്ടര്‍ സാങ്കേതികവിദ്യ വാവെയ്ക്കു ലഭ്യമാക്കുന്നതില്‍ യുഎസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ 5ജി സാങ്കേതികവിദ്യാ വിതരണരംഗത്തു കമ്പനിയുടെ ശേഷിയെ കാര്യമായി ബാധിക്കുമെന്നു തന്നെയാണു ബ്രിട്ടന്റെ കണക്കുകൂട്ടല്‍.
പെട്ടന്നുള്ള പുറത്താക്കല്‍ 5ജി വിന്യാസത്തെയും സേവനത്തെയും ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ വാവെയ്‌യുടെ പങ്കാളിത്തം 2023 ഓടെ 35 ശതമാനമായി കുറയ്ക്കും. 2027 ഓടെ വാവെയ്യെ പൂര്‍ണമായി നിരോധിക്കാനാണു നീക്കം. ചൈനയ്ക്കുവേണ്ടി വാവെയ് ചാരവൃത്തി നടത്തുന്നുവെന്ന ആരോപണം ശക്തമായതിനു പിന്നാലെയാണു ബ്രിട്ടന്റെ നടപടി.