ലണ്ടൻ : ബ്രിട്ടണിൽ യുവതിക്ക് മദ്യപാനത്തിന് വിലക്കേർപ്പെടുത്തി കോടതി .അടിപിടി കേസിൽ പിടിയിലായ യുവതിക്കാണ് മദ്യപാനത്തിന് വിലക്കേർപ്പെടുത്തിയത്. റെഡ്‌മെയർ സ്വദേശി ഡാനിയലെ വില്യംസിനാണ് ശിക്ഷയായി കോടതി മദ്യപാനത്തിന് വിലക്കേർപ്പെടുത്തിയത്. വനിതാ ആംബുലൻസ് ഡ്രൈവറെയും പൊലീസ് ഉദ്യോഗസ്ഥനെയും മർദിച്ചു എന്ന കേസിലാണ് യുവതിയെ ഹൾ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
മദ്യലഹരിയിലായിരുന്ന യുവതി ആംബുലൻസ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. ഡ്രൈവറുടെ തലയിൽ യുവതി ചവിട്ടിയെന്നാണ് പോലീസ് പറയുന്നത്. ഇത് തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും യുവതി മർദിച്ചു.
ശിക്ഷയായി 90 ദിവത്തേയ്ക്കാണ് യുവതിയ്ക്ക് മദ്യപിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 12 മാസത്തെ കമ്യൂണിറ്റി ഓർഡറിനൊപ്പമാണ് വിലക്ക്. ഇതോടൊപ്പം 10 ദിവസത്തെ ലഹരിവിമോചന ചികിത്സയിൽ പങ്കെടുക്കണമെന്നും 200 പൗണ്ട് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു .