ലണ്ടൻ : വിമാനം പറന്നുയരുന്നതിനു ഏതാനും നിമിഷങ്ങൾക്കു മുൻപ് ലണ്ടനിൽ ബ്രിട്ടിഷ് എയർവെയ്സിലെ ജീവനക്കാരൻ യാത്രക്കാർക്കു മുൻപിൽ കുഴഞ്ഞുവീണു മരിച്ചു. പുതുവത്സരത്തലേന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് യാത്രക്കാർക്കു മുൻപിൽ 52കാരനായ വിമാനജീവനക്കാരൻ ബോധംകെട്ടുവീണത്. ഉടൻതന്നെ അദ്ദേഹം മരണത്തിനു കീഴടങ്ങി.
ജീവനക്കാരൻ ബോധരഹിതനായി വീഴുമ്പോൾ വിമാനം പറന്നുയരുന്നതിനായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിരുന്നു. വിമാനത്തിന്റെ വാതിൽ അടയ്ക്കുകയും യാത്രക്കാർ അവരുടെ സീറ്റുകളിൽ ഇരിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് എയർക്രാഫ്റ്റിന്റെ പിറകുവശത്ത് ജീവനക്കാരൻ ബോധരഹിതനായി വീണത്.
പ്രാഥമിക ചികിത്സ നൽകി ഉടൻ തന്നെ പൈലറ്റ് മെഡിക്കൽ സംഘത്തെ വിവരം അറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മണിക്കൂറുകൾ വൈകിയാണ് വിമാനം പുറപ്പെട്ടത്. മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമല്ല. അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവർത്തകരും വളരെ വിഷമകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ബ്രിട്ടിഷ് എയർവെയ്സ് അധികൃതർ അറിയിച്ചു.