ലോസ് ഏഞ്ചല്‍സ്: തെരഞ്ഞെടുപ്പ് റാലിക്കിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമം. ബ്രിട്ടീഷ് വംശജനായ 19കാരന്‍ മൈക്കേല്‍ സാന്‍ഫോര്‍ഡാണ് ട്രംപിനെ വധിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങിയത്. യുവാവിന്റെ ശ്രമം പൊലീസ് പരാജയപ്പെടുത്തി. ശനിയാഴ്ച ലാസ് വേഗാസില്‍ നടന്ന റാലിക്കിടെയായിരുന്നു സംഭവം.
കാലിഫോര്‍ണിയയില്‍ നിന്നും ട്രംപിനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ലാസ് വേഗാസിലെത്തിയതായിരുന്നു യുവാവ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. 18 മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ അമേരിക്കയിലെ ന്യൂജഴ്‌സിയിലെത്തിയത്. ട്രംപ് പങ്കെടുക്കുന്ന ഫിനിക്‌സിലെ റാലിയില്‍ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ലാസ് വേഗാസിലെ ശ്രമം പരാജയപ്പെട്ടാല്‍ ഫിനിക്‌സില്‍ വെച്ച് ട്രംപിനെ വധിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.
സുരക്ഷാപരിശോധന മറികടന്ന് തനിക്ക് തോക്കുമായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇയാള്‍ ഉദ്യോഗസ്ഥന്റെ തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിച്ചതെന്നാണ് കരുതുന്നത്.