ബ്രിട്ടീഷ് എംപിയുടെ വിസ റദ്ദാക്കിയത് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനത്തിന്

ബ്രിട്ടീഷ് എംപി ഡെബ്ബി എബ്രഹാംസിന് വിസ നിഷേധിച്ച സര്‍ക്കാര്‍ നടപടിയുടെ കാരണം വ്യക്തമാക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍. ജമ്മു കശ്മീരിലെ ഇന്ത്യാ ഗവണ്‍മെന്റ് നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുന്ന എംപിക്ക് വിസ നിഷേധിച്ചത് ‘ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത്’ കൊണ്ടാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിങ്കളാഴ്ചയാണ് സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളെയും കാണാനെത്തിയ ഡെബ്ബി എബ്രഹാംസിനെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചയച്ചത്. ഇവരുടെ ഇവിസ റദ്ദാക്കിയതായി മുന്‍കൂര്‍ തന്നെ എംപിയെ അറിയിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 14ന് തന്നെ വിസ റദ്ദാക്കിയ വിവരം അറിയിച്ചിരുന്നെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

കൂടാതെ 2020 ഒക്ടോബര്‍ 5 വരെ പ്രാബല്യമുള്ള ഇ ബിസിനസ്സ് വിസയാണ് ഇവര്‍ക്ക് അനുവദിച്ചിരുന്നത്. ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് വിസ റദ്ദാക്കിയത്. ഇക്കാര്യം ഫെബ്രുവരി 14ന് തന്നെ അറിയിക്കുകയും ചെയ്തു, ഒരു ശ്രോതസ്സ് വ്യക്തമാക്കി. ഡല്‍ഹിയില്‍ എത്തിയ എംപിയെ തിരിച്ച് അയച്ചത് മുതല്‍ ഇവര്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ഒരു സുഹൃത്തിന് മറ്റൊരു സുഹൃത്തിനെ ബഹുമാനത്തോടെ വിമര്‍ശിക്കാന്‍ കഴിയില്ലെന്നത് നിരാശാജനകമാണ്. ഇത് ആരോഗ്യമുള്ള ജനാധിപത്യത്തിന്റെ ലക്ഷണമാണോ?, ഡെബ്ബി എബ്രഹാംസ് ട്വീറ്റില്‍ ചോദിച്ചു.

Top