ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി; മോദി-ബോറിസ് കൂടിക്കാഴ്ച നാളെ

ഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി. അഹമ്മദാബാദിൽ വിമാനം ഇറങ്ങിയ ബോറിസ് ജോൺസണ് ഊഷ്മള വരവേൽപ്പാണ് നൽകിയത്. ​ഗുജറാത്ത് ​ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവർ വിമാനത്താവളത്തിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ഗുജറാത്ത് പൊലീസ് മേധാവി ആശിഷ് ഭാട്ടിയ, ചീഫ് സെക്രട്ടറി, അഹമ്മദാബാദ് മേയർ, ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മീഷണർ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളം മുതൽ ഹോട്ടൽ വരെ ബോറിസ് ജോൺസണെ വരവേൽക്കുന്നതിനായി വിവിധ കലാരൂപങ്ങളും ഒരുക്കിയിരുന്നു.

രാവിലെ 10 മണിയോടെ സബർമതി ആശ്രമത്തിലും പിന്നാലെ വ്യവസായികളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തും. ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്‌നോളജി സർവകലാശാലയും വൈകീട്ട് അക്ഷർധാം ക്ഷേത്രവും ബോറിസ് ജോൺസൺ സന്ദർശിക്കും.

ഡൽഹിയിൽ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ബോറിസ് ജോൺസൺ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബോറിസ് അഭിപ്രായപ്പെട്ടിരുന്നു.

Top