ലണ്ടന്‍: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നൂറു കണക്കിന് മില്യണ്‍ പൗണ്ട് ചെലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. എന്നാല്‍ മരുന്ന് വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ മുന്നിരയില്‍ ബ്രിട്ടന്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓക്‌സ്‌ഫോര്‍ഡ് യുണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലാണ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്. മരുന്ന് വികസിപ്പിച്ചെടുക്കാനുള്ള സാധ്യതയുണ്ടെങ്കിലും മരുന്ന് പരീക്ഷണം വിജയിക്കുമെന്ന് ഉറപ്പു പറയാനാവില്ലെന്ന് സര്‍ക്കാരിന്റെ ചീഫ് സയന്റിഫിക് ഓഫീസര്‍ സര്‍ പാട്രിക് വാലന്‍സും അറിയിച്ചു.
ഈ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ വന്‍ തോതില്‍ വാക്‌സിന്‍ നിര്‍മ്മിക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പദ്ധതി.