ന്യൂഡൽഹി : ഇന്ത്യയുടെ 2021 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥി ആയേക്കും. നവംബര്‍ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബോറിസ് ജോണ്‍സനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചതായാണ് വിവരം. യുകെ ആതിഥേയരാകുന്ന അടുത്ത വര്‍ഷത്തെ ജി ഏഴ് ഉച്ചകോടിയിലേക്ക് ബോറിസ് ജോണ്‍സണ്‍ നരേന്ദ്ര മോദിയേയും ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ചര്‍ച്ച നടത്തിയെന്ന് പ്രധാനമന്ത്രി മോദി നവംബര്‍ 27 ന് ട്വീറ്റ് ചെയ്തിരുന്നു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് -19 എന്നിങ്ങനെ എല്ലാ മേഖലകളിലുമുള്ള സഹകരണത്തില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടാക്കാനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ആശയവിനിമയം ക്രിയാത്മകമായിരുന്നുവെന്ന് യുകെ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ വാഗ്ദാനം ചെയ്യുകയും കാലാവസ്ഥാ വ്യതിയാന വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. 1993ല്‍ ജോണ്‍ മേജറായിരുന്നു റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി.