ലണ്ടന്‍: ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഫിലിപ്പ് ഹാമണ്ട് ചുമതലയേറ്റു. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കാബിനറ്റിലെ വിദേശകാര്യ സെക്രട്ടറിയായിരുന്നു ഹാമണ്ട്.
അതേസമയം മുന്‍ ലണ്ടന്‍ മേയറും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ നിന്നും പുറത്താവാനുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ബോറിസ് ജോണ്‍സനെ പ്രധാനമന്ത്രി തെരേസ മെയുടെ പുതിയ സര്‍ക്കാരില്‍ വിദേശകാര്യ സെക്രട്ടറിയായും നിയമിച്ചു.
അധികാരത്തിലേറ്റ് നിമിഷങ്ങള്‍ക്കുള്ളിലാണ് കാബിനറ്റിലെ മുന്‍നിര സ്ഥാനങ്ങള്‍ മെയ് പ്രഖ്യാപിച്ചത്. മെയുടെ ആദ്യത്തെ നീക്കത്തില്‍ യു.കെ ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണിന്റെ സ്ഥാനത്തേക്കാണ് അടുത്ത സുഹൃത്തായ ഹാമണ്ടിനെ നിയമിച്ചത്.
സ്ഥാനം ഒഴിയുന്ന ഓസ്‌ബോണ്‍ ആറുവര്‍ഷമായി തുടരുന്ന ഓഫീസില്‍ നിന്നും താമസിക്കുന്ന ക്വോര്‍ട്ടേസില്‍ നിന്നും ഉടന്‍ തന്നെ ഒഴിയും.
കാമറൂണുമായി അടുത്ത ബന്ധമുള്ള ഓസ്‌ബോണിനെ സ്ഥാനത്തു നിന്നു നീക്കം ചെയ്യുമെന്നത് ഉറപ്പായിരുന്നു. എന്നാല്‍ ജോണ്‍സനെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചത് അപ്രതീക്ഷിതമായിരുന്നു.
കഴിഞ്ഞ മാസം നടന്ന ബ്രക്‌സിറ്റിന് നേതൃത്വം നല്‍കിയ ജോണസന്‍ പ്രധാനമന്ത്രിയാകും എന്നായിരുന്നു കരുതിയിരുന്നത്. മാത്രമല്ല കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവിന്റെ സ്ഥാനത്തേക്ക് മെയ്ക്ക് എതിരെ മത്സരിച്ച ആന്‍ഡ്രിയ ലീഡ്‌സമ്മിന് അവസാന നിമിഷം വരെ ശക്തമായ പിന്തുണയും ജോണ്‍സന്‍ നല്‍കിയിരുന്നു.