ലണ്ടന്‍: പരമ്പരാഗത സ്‌കോട്ടിഷ് ഗാനം, ‘ഓള്‍ഡ് ലാങ് സൈനെ’ ആലപിച്ചുകൊണ്ട് ബ്രിട്ടനോട് വിടച്ചൊല്ലി യൂറോപ്യന്‍ യൂണിയന്‍.
യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബ്രെക്‌സിറ്റ് ബില്ലിന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെയാണ് ബ്രിട്ടന് ചേംബര്‍ വിട്ട് പോയത്. 751 അംഗ പാര്‍ലമെന്റില്‍ 621 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 49 പേര്‍ എതിര്‍ത്തു. 13 പേര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.
ഉടമ്പടി വ്യവസ്ഥകള്‍ക്കു പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയതോടെ ബ്രെക്‌സിറ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഈ മാസം 31ന് രാത്രി 11നാണ് ബ്രെക്‌സിറ്റ് നടപ്പാകുന്നത്. പ്രധാനപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റികളെല്ലാം തന്നെ കഴിഞ്ഞയാഴ്ച ബില്‍ അംഗീകരിച്ച് ഒപ്പിട്ടിരുന്നു. ബ്രിട്ടന്റെ ഇരു പാര്‍ലമെന്റ് ഹൗസുകളും പാസാക്കിയ ബില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചതോടെ നിയമമായി.
യൂറോപ്യന്‍ പാര്‍ലമെന്റില്‍ 73 അംഗങ്ങളാണ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്നത്. ഇവരുടെ അവസാനത്തെ സമ്മേളനം കൂടിയായിരുന്നു ബുധനാഴ്ചത്തേത്. 47 വര്‍ഷത്തെ യൂറോപ്യന്‍ ബന്ധം അവസാനിപ്പിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്നും പിന്‍വാങ്ങി.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാതാകുന്ന സാഹചര്യത്തില്‍ ശനിയാഴ്ച രാവിലെ ബ്രസല്‍സിലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തും. ബ്രസല്‍സിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും പിന്നീട് ഈ പാതാക സ്ഥാപിക്കുക.