ന്യൂഡല്‍ഹി: ഡിജിറ്റല്‍ മാധ്യമ ഉള്ളടക്കവും ഒ.ടി.ടി.യും (ഓവര്‍ ദ ടോപ്) ഉള്‍പ്പെടെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ബ്രോഡ്കാസ്റ്റിങ് സേവനബില്ലുമായി കേന്ദ്രസര്‍ക്കാര്‍. ഉള്ളടക്കത്തിലെ സ്വയംനിയന്ത്രണം ശക്തമാക്കുകയാണ് ലക്ഷ്യം.1995-ലെ കേബിള്‍ ടെലിവിഷന്‍ ശൃംഖലാ നിയന്ത്രണനിയമത്തിന് പകരമായാണ് ബ്രോഡ്കാസ്റ്റിങ് സര്‍വീസസ് (നിയന്ത്രണ) ബില്ലിന്റെ കരട് പുറത്തിറക്കിയത്. അടുത്തമാസത്തിനകം ബില്ലില്‍ പൊതുജനങ്ങള്‍ക്കുള്‍പ്പെടെ അഭിപ്രായവും നിര്‍ദേശവുമറിയിക്കാം.
കാലപ്പഴക്കമുള്ള നിയമങ്ങളും ചട്ടങ്ങളും മാര്‍ഗരേഖകളും മാറ്റുകയും നിയന്ത്രണസംവിധാനങ്ങള്‍ ആധുനികവത്കരിക്കുകയുമാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന് വാര്‍ത്താപ്രക്ഷേപണവകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഒ.ടി.ടി., ഡിജിറ്റല്‍ മാധ്യമം, ഡി.ടി.എച്ച്., ഐ.പി.ടി.വി. തുടങ്ങിയവയെക്കൂടി ഉള്‍പ്പെടുത്തുന്നതാണ് ബില്ല്.
ഉള്ളടക്കവിലയിരുത്തല്‍ സമിതിയെ വെച്ചുകൊണ്ട് സംപ്രേഷകര്‍തന്നെ സ്വയംനിയന്ത്രണം ശക്തിപ്പെടുത്താനുള്ള വകുപ്പുകള്‍ ബില്ലിലുണ്ട്. പരിപാടികളുടെയും പരസ്യങ്ങളുടെയും ചട്ടംസംബന്ധിച്ച് സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ ബ്രോഡ്കാസ്റ്റ് അഡൈ്വസറി കൗണ്‍സിലുമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്കുപുറമേ വിഷയവിദഗ്ധരും പ്രമുഖരും കൗണ്‍സിലിലുണ്ടാകും. നിലവില്‍ ഉദ്യോഗസ്ഥര്‍മാത്രമുള്ള ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റല്‍ കമ്മിറ്റിക്ക് പകരമാണിത്.ചട്ടം ലംഘിക്കുന്ന അംഗങ്ങള്‍ക്ക് പിഴയും അല്ലാതെയുമുള്ള ശിക്ഷ വിധിക്കാന്‍ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ക്ക് ശക്തിനല്‍കുന്നതാണ് ബില്ല്. വളരെ ഗുരുതരമായ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷയും പറയുന്നുണ്ട്.