മാരാരിക്കുളം: കാല്‍നടയാത്രക്കാരിയോട് കാറിലെത്തി വഴിചോദിച്ച് മാലകവര്‍ന്ന് രക്ഷപ്പെട്ട സഹോദരങ്ങള്‍ അറസ്റ്റില്‍. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് അഭിലാഷ് ഭവനത്തില്‍ അഭിജിത്ത് (22), സഹോദരന്‍ അഭിലാഷ് (28) എന്നിവരെ മാരാരിക്കുളം പോലീസ് അറസ്റ്റുചെയ്തു.
ഇവരുടെ പിതാവിന്റെ പേരിലുള്ള കാറും കസ്റ്റഡിയിലെടുത്തു.
കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാംവാര്‍ഡ് ചാരമംഗലം കാര്‍ത്തുവെളി വീട്ടില്‍ സുരേഷ് ബാബുവിന്റെ ഭാര്യ പ്രഭാവതി(65)യെ ദോഹോപദ്രവമേല്‍പ്പിച്ച് മാലകവര്‍ന്ന കേസിലാണ് അറസ്റ്റ്.
തിങ്കളാഴ്ച രാവിലെ പത്തരയോടെ തിരുവിഴയിലെ സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ റോഡിലൂടെ പ്രഭാവതി നടന്നുപോകുമ്പോഴാണ് സംഭവം. കാറിലെത്തിയ പ്രതികള്‍ ആദ്യം കായംകുളത്തേക്കുള്ള വഴിചോദിച്ചു.
മറുപടി പറഞ്ഞപ്പോള്‍ മതിലകത്തേക്കുള്ള വഴി ചോദിച്ചു. ഇതിനിടെയാണ് കഴുത്തിലുണ്ടായിരുന്ന മാലപൊട്ടിച്ചത്. തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രഭാവതിയെ ഉപദ്രവിക്കുകയും ചെയ്തു.
സമീപത്തുള്ള സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് സംഘമെത്തിയ വാഹനം പത്തനംതിട്ട സ്വദേശിയുടേതാണെന്നു മനസ്സിലായത്. പോലീസ് അവിടെയെത്തി അന്വേഷിച്ചപ്പോള്‍ ഉടമ താമസം മാറിയതായി വ്യക്തമായി. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വീയപുരത്ത് വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കവര്‍ച്ചയ്ക്കുപയോഗിച്ച കാര്‍ പ്രതികളുടെ അച്ഛന്റെ പേരിലുള്ളതാണെന്ന് പോലീസ് പറഞ്ഞു.
മാരാരിക്കുളം ഇന്‍സ്പെക്ടര്‍ എ.വി. ബിജു, എസ്.ഐ. ഇ.എം. സജീര്‍, സി.പി.ഒ.മാരയ സുജിത്ത്, ആര്‍.ഡി. സുരേഷ്, സുധീഷ് ചിപ്പി, ഹരീഷ്, ബൈജു, ശ്യാംലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.