ഹൈദരാബാദ് : തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഭരണത്തിലിരിക്കുന്ന ഭാരത് രാഷ്ട്ര സമിതി (ബിആർസ്). തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ 119 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഭൂരിഭാഗം സിറ്റിങ് എംഎൽഎമാരും പട്ടികയിൽ ഇടം പിടിച്ചു. ഏഴുപേരുകളിൽ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളു.
95 മുതൽ 105 സീറ്റുകളിൽ വരെ ബിആർഎസിന് വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു പറഞ്ഞു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്, സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടന്നിട്ടേയുള്ളു. തിരഞ്ഞെടുപ്പിനോടുബന്ധിച്ച് നിരവധി സാമൂഹിക സുരക്ഷാ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ക്ഷേമപദ്ധതികളെല്ലാം തകിടം മറിയുമെന്ന് ബിആർഎസ് ആരോപിച്ചു. 2018ലും ബിആർഎസ് വളരെ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
ആന്ധ്ര മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ഷർമിളയുടെ കോൺഗ്രസ് പ്രവേശനം അനിശ്ചിതത്വത്തിലാണ്. ഷർമിളയുമായി ചേർന്ന് ചന്ദ്രശേഖര റാവുവിനെതിരെ മത്സരിക്കാനായിരുന്നു കോൺഗ്രസിന്റെ നീക്കം. എന്നാൽ, വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) നേതാവായ ഷർമിളയുടെ നീക്കം തെലങ്കാനയിലെ കോൺഗ്രസ് നേതൃത്വം തടഞ്ഞു.
ആന്ധ്ര സ്വദേശിയായ ഷർമിള തെലങ്കാന കോൺഗ്രസിലേക്കു വരുന്നതു ദോഷം ചെയ്യുമെന്നാണു സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് എ.രേവന്ത് റെഡ്ഡിയുടെ വിലയിരുത്തൽ. തെലങ്കാനയിലെ ആന്ധ്രവിരോധമാണു കാരണം. ഷർമിളയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാർ നേരത്തെ ചർച്ച നടത്തിയിരുന്നു.